51 യുവതികല്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്ക് ശേഷം 51 യുവതികല്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സ്ഥിരീകരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ശബരിമലയില്‍ എത്തുന്ന സ്ത്രീകളുടെ പ്രായം ഇനി സര്‍ക്കാരിന്‍റെ പരിഗണനയില്‍ വരുന്ന വിഷയമല്ല. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിയോടെ ഏത് പ്രായത്തിലുമുള്ള യുവതികള്‍ക്ക് ശബരിമല ദര്‍ശനം നടത്താന്‍ കഴിയും. പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള 7,564 സ്ത്രീകളാണ് വര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തത്. ഇവരില്‍ 51 പേരാണ് ദര്‍ശനം നടത്തിയതെന്ന് മന്ത്രി സ്ഥിരീകരിച്ചു.

എന്നാല്‍ ഇവര്‍ ഏത് വഴിയാണ് പോയതെന്ന ചോദ്യത്തിന്, അവര്‍ക്ക് സൗകര്യമുള്ള വഴി പോയിക്കാണുമെന്ന മറുപടിയാണ് മന്ത്രി നല്‍കിയത്. അതൊന്നും സര്‍ക്കാര്‍ പരിഗണിക്കേണ്ട വിഷയമല്ല. സെപ്റ്റംബര്‍ 28ന് ശേഷം പ്രായം പരിശോധിക്കുന്ന സംവിധാനം അവിടെയുണ്ടായിട്ടില്ല. വലിയ വാര്‍ത്താ സമ്മേളനം ഒക്കെ നടത്തി വന്നവരെ പ്രതിഷേധക്കാര്‍ തടഞ്ഞിട്ടുണ്ടാകും. അല്ലാതെ വന്ന ഭക്തര്‍ സുഗമമായി മലകയറി മടങ്ങിയെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

