വെടിവച്ചു കൊന്നത് 4,734 കാട്ടുപന്നികളെ; ഏറ്റവും കൂടുതൽ പാലക്കാട്

തിരുവനന്തപുരം: അപകടകാരികളായ കാട്ടുപന്നികളെ കൊല്ലുന്നതിന് പഞ്ചായത്തുകളെ അധികാരപ്പെടുത്തിയതിന് ശേഷം ഈ വർഷം ജൂലൈ വരെ 4,734 കാട്ടുപന്നികളെ വെടിവച്ചു കൊന്നിട്ടുണ്ടെന്ന് എ കെ ശശീന്ദ്രൻ. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പന്നികളെ കൊന്നത്. 1457. മലപ്പുറത്ത് 826, തിരുവനന്തപുരം 796 പന്നികളെയും കൊന്നു. ചോദ്യോത്തരവേളയിലാണ് മന്ത്രി കണക്കുകൾ വിശദീകരിച്ചത്.

കൃഷി നശിപ്പിക്കുന്ന നാടൻ കുരങ്ങകളെ നിയന്ത്രിക്കുന്നതിന് ഒരു കർമ്മപദ്ധതി സർക്കാർ തയ്യാറാക്കി വരുന്നതായും, അന്തിമരൂപം ആയാലുടൻ കേന്ദ്രത്തിന് സമർപ്പിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. നാടൻ കുരങ്ങുകൾ 1972 ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഒന്നാം പട്ടികയിൽ ഉൾപ്പെടുന്നതിനാൽ ഇവയുടെ എണ്ണം നിയന്ത്രിക്കുന്നതിന് സംസ്ഥാനത്തിന് പരിമിതികളുണ്ട്.

വന്യമൃഗ ആക്രമണത്തിൽ മരണപ്പെടുന്ന വ്യക്തികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നുണ്ട്. ഇത് ഇരട്ടിയാക്കുന്ന കാര്യം സർക്കാർ പരിശോധിച്ചുവരികയാണ്. വനത്തിന് പുറത്തുവെച്ച് സംഭവിക്കുന്ന പാമ്പുകടി, തേനീച്ച, കടന്നൽ എന്നിവ മൂലം ഉണ്ടാകുന്ന ജീവഹാനിക്കുള്ള നഷ്ടപരിഹാരത്തുക നാല് ലക്ഷം രൂപയായി വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

11,554 കിലോമീറ്റർ വനാതിർത്തിയിലാണ് സംസ്ഥാനത്ത് ജണ്ടകൾ നിർമിക്കേണ്ടത്. ഇതിൽ 10,714 കിലോമീറ്റർ വനാതിർത്തി നിർണയിച്ച് ജണ്ട കെട്ടി വേർതിരിച്ചിട്ടുണ്ട്. കാടിന്റെ അതിർത്തി നിർണയം പൂർത്തീകരിച്ച് ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തിയും ജിയോ ഫെൻസിങും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

