40 ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടി

മണലൂര്‍: 40 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി രണ്ടുപേരെ അന്തിക്കാട് പൊലീസ് പിടികൂടി. എടക്കഴിയൂര്‍ സ്വദേശികളായ കണ്ണങ്കില്ലത്ത് ജവാഹിര്‍ (47), ഏറച്ചംവീട്ടില്‍ നിസാര്‍ (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാരമുക്കില്‍ വാഹന പരിശോധനക്കിടെയാണ് ബൈക്കിലെത്തിയ പ്രതികള്‍ പിടിയിലായത്. 2000ത്തിന്റെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ പണം കൊണ്ടുപോയ ലക്ഷ്യസ്ഥാനം എന്നിവയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

അന്തിക്കാട് എസ് ഐ കെ ജെ ജിനേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, അന്തിക്കാട് എസ്എച്ച്ഒ പി കെ മനോജ്കുമാര്‍, ക്രൈംബ്രാഞ്ച് എസ് ഐ മുഹമ്മദ് റാഫി, സിവില്‍ പൊലിസ് ഓഫീസര്‍മാരായ ജോബ്, ഗോപി, ജീവന്, സൂരജ് പി ദേവ്, സോണി, സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് റഷീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

