KOYILANDY DIARY

The Perfect News Portal

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉച്ചയ്ക്ക് 12 മണിവരെ 33.40 ശതമാനം പോളിങ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉച്ചയ്ക്ക് 12 മണിവരെ 33.40 ശതമാനം പോളിങ്. രാവിലെ ഏഴുമുതല്‍ സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. കടുത്ത ചൂട് കാരണം പ്രായമായവരും കുടുംബങ്ങളും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി. ബൂത്തുകളിൽ ആവശ്യത്തിന് കുടിവെള്ള സൌകര്യം ഇല്ലാത്തത് പരാതികൾക്ക് ഇടയാക്കി. വോട്ടർമാർ കൂടുതലായി എത്തിയതോടെ പരിചയം കുറഞ്ഞ ഉഗ്യോഗസ്ഥരുള്ള ബൂത്തുകളിൽ ക്യൂ ഏറെ നേരം നീണ്ടു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉച്ചയ്ക്ക് 12.15 വരെയുള്ള കണക്കുപ്രകാരം ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് (35.15). ആലപ്പുഴയില്‍ 35.13 ശതമാനവും പാലക്കാട് 35.10 ശതമാനവും പോളിങ് നടന്നു. ഇതുവരെയുള്ള കണക്കുകള്‍പ്രകാരം പൊന്നാനി മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ്. 29.66 ശതമാനം. പൊന്നാനിയിൽ വോട്ടിങ് മെഷീൻ പണിമുടക്കിയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.

 

സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാന്‍, എം.ബി.രാജേഷ്, കൃഷ്ണന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, വീണാ ജോർജ്, പി.പ്രസാദ്, എന്നിവർ ആദ്യമണിക്കൂറുകളിൽ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു. 2,77,49,159 വോട്ടർമാരാണ് വിധിയെഴുതുന്നത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ്. വൈകിട്ട് ആറ് വരെ വോട്ടിങ് തുടരും. ഇത്തവണ വോട്ടിങ് ശതമാനം കൂടും എന്നാണ് തുടക്കത്തിലെ പങ്കാളിത്തം വെച്ചുള്ള വിലയിരുത്തൽ.

Advertisements