ആരോഗ്യമേഖലയ്ക്ക് ബജറ്റിൽ 2052.23 കോടി വകയിരുത്തി

ആരോഗ്യ മേഖലയ്ക്ക് ബജറ്റിൽ വകയിരുത്തിയത് 2052.23 കോടി. ഇതോടെ ഈ സാമ്പത്തിക വർഷത്തിൽ വൈദ്യ ശുശ്രൂഷ, പൊതുജനാരോഗ്യ മേഖലയ്ക്കായി ബജറ്റിലൂടെ മികച്ച പരിഗണനയാണ് ലഭിച്ചിട്ടുള്ളത്.
● തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനായി 6.60 കോടി

● പകർച്ചവ്യാധി നിയന്ത്രണ പരിപാടിക്ക് 12 കോടി, സാംക്രമികേതര രോഗനിയന്ത്രണ പരിപാടിക്ക് 11.93 കോടി
● കനിവ് പദ്ധതിക്ക് കീഴിൽ ആധുനിക ജീവൻരക്ഷാ സംവിധാനങ്ങളോടുകൂടിയ 315 ആംബുലൻസുകളുടെ പ്രവർത്തനത്തിനായി 80 കോടി
● ആർദ്രം മിഷന് 24.88 കോടി
● പ്രധാനപ്പെട്ട ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും അവശ്യമരുന്നുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 9.88 കോടി
● തിരുവനന്തപുരത്തെ ഗവൺമെന്റ് അനലിസ്റ്റ് ലബോറട്ടറി, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ റീജണൽ ലബോറട്ടറികൾ, പത്തനംതിട്ടയിലെ ജില്ലാ ലബോറട്ടറി എന്നിവ നവീകരിക്കുന്നതിനും പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിനും ഏഴു കോടി
● ഡ്രഗ്സ് കൺട്രോൾ വകുപ്പിന് 5.52 കോടി
● സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ ആകെ വികസനത്തിനായി 401.24 കോടി രൂപ


● റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി തിരുവനന്തപുരം, കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് തിരുവനന്തപുരം, മെഡിക്കൽ കോളേജുകൾ എന്നിവയുടെ സമഗ്ര വികസനത്തിനായി 217.40 കോടി രൂപ
● സംസ്ഥാനത്തെ ആറ് ദന്തൽ കോളേജുകളുടെ വികസനത്തിനായി 22.79 കോടി രൂപയും നഴ്സിങ് കോളേജുകൾക്കായി 13.78 കോടി രൂപയും
● സർക്കാർ മേഖലയിൽ മൂലകോശ/അസ്ഥിമജ്ജ മാറ്റിവയ്ക്കൽ ചികിത്സ തുടങ്ങുന്ന പുതിയ പദ്ധതിക്കായി കോട്ടയം മെഡിക്കൽ കോളേജിന് 1.50 കോടി രൂപ
● മലബാർ ക്യാൻസർ സെന്ററിന് 28 കോടി. കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന് 14.50 കോടി
● കേരള ആരോഗ്യ സർവകലാശാലയ്ക്ക് 11.50 കോടി
● ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ നിലവാരമുയർത്തുന്നതിനും ശാക്തീകരണത്തിനും ആധുനികവൽക്കരണത്തിനുമായി 21.08 കോടി രൂപ
● ദേശീയ ആയുഷ് മിഷൻ (ഔഷധ സസ്യങ്ങൾ ഉൾപ്പെടെ) പദ്ധതി നടപ്പാക്കുന്നതിനുള്ള സംസ്ഥാന വിഹിതമായി 15 കോടി
● ഹോമിയോപ്പതി ആരോഗ്യ പരിരക്ഷ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിലവിലുള്ള ഹോമിയോ ആശുപത്രികളിലെയും ഡിസ്പെൻസറികളിലെയും ക്ലിനിക്കൽ, നോൺ-ക്ലിനിക്കൽ സൗകര്യങ്ങൾ ഘട്ടം ഘട്ടമായി നവീകരിക്കുന്നതിനുമുള്ള വിശാല പദ്ധതിക്കായി 6.89 കോടി.


ആരോഗ്യസുരക്ഷയ്ക്ക് 678.54 കോടി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ഇത്തവണ ബജറ്റിൽ വകയിരുത്തിയത് 678.54 കോടി രൂപ. 2024-25 വർഷത്തിൽ സംസ്ഥാനം പ്രതീക്ഷിക്കുന്നത് 198 കോടി രൂപ കേന്ദ്രവിഹിതമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കാസ്പിന് കീഴിൽ നിലവിൽ 202 സർക്കാർ ആശുപത്രികളും 364 സ്വകാര്യആശുപത്രികളും ഉൾപ്പെടെ 566 ആശുപത്രികൾ എംപാനൽ ചെയ്യപ്പെട്ടിട്ടുണ്ട്. 42.45 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. ഇതിൽ 22.22 ലക്ഷം കുടുംബങ്ങൾക്ക് സേവനം ലഭ്യമാക്കുന്നതിനാണ് കേന്ദ്രവിഹിതം ലഭിക്കുന്നത്. ഇത് പദ്ധതിയുടെ ആകെ ചെലവിന്റെ 10 ശതമാനം മാത്രമാണ്. പദ്ധതിയുടെ കഴിഞ്ഞ വർഷത്തെ ആകെ ചെലവ് 1692.37 കോടി രൂപയായിരുന്നു. എന്നാൽ നാഷണൽ ഹെൽത്ത് അതോറിറ്റി അനുവദിച്ചത് 151.34 കോടി രൂപ മാത്രം. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെ കാരുണ്യ പദ്ധതിക്കുവേണ്ടി 2545.89 കോടി രൂപയാണ് ചെലവഴിച്ചത്.

കേന്ദ്രവിഹിതം ലഭ്യമായിട്ടില്ല ; ആരോഗ്യകേരളത്തെ ചേർത്തുപിടിക്കും;
ബജറ്റിൽ 465.20 കോടി
അർഹമായ ഫണ്ട് അനുവദിക്കാതെ നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യകേരളം) പ്രവർത്തനത്തെ തകർക്കാൻ കേന്ദ്രം ശ്രമിക്കുമ്പോഴും പദ്ധതിയെയും ജീവനക്കാരെയും ചേർത്തുപിടിക്കുകയാണ് സംസ്ഥാനം. ഇത്തവണ സംസ്ഥാന വിഹിതമായി 465.20 കോടി രൂപ വകയിരുത്തി. 697.80 കോടി രൂപയുടെ കേന്ദ്ര വിഹിതം പ്രതീക്ഷിക്കുന്നുണ്ട്.
കോ-ബ്രാൻഡിങ് മാനദണ്ഡങ്ങളുടെ പേരിൽ നാഷണൽ ഹെൽത്ത് മിഷനിലെ പദ്ധതികളിലും കേന്ദ്രസഹായം അനുവദിക്കുന്നില്ല. ആരോഗ്യകേരളത്തിന്റെ കീഴിലുള്ള വിവിധ പദ്ധതികൾക്കുള്ള ചെലവ്, ഡോക്ടർമാർ, നഴ്സുമാർ, ആശാ പ്രവർത്തകർ, കരാർ ജീവനക്കാർ തുടങ്ങി ആയിരക്കണക്കിനുപേരുടെ ശമ്പളം എന്നിവയെല്ലാം കേന്ദ്രഫണ്ടിൽനിന്നാണ്. എന്നാൽ, കേന്ദ്രം അവഗണിച്ചതോടെ സംസ്ഥാന വിഹിതമാണ് പദ്ധതിയെ മുന്നോട്ടുകൊണ്ടുപോകുന്നത്.
