KOYILANDY DIARY.COM

The Perfect News Portal

സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചു; മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്‌. നേരത്തെ രണ്ടു തവണയായി 380 കോടി രൂപയും നൽകിയിരുന്നു.

കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ 763 കോടി രൂപ കുടിശികയുണ്ട്‌. ഈവർഷത്തെ 388.81 കോടി രുപയും, കഴിഞ്ഞവർഷത്തെ 351.23 കോടി രൂപയും ലഭിക്കാനുണ്ട്‌. 2021–-22ലെ 23.11 കോടി രൂപയും കുടിശികയാണ്‌. കേന്ദ്ര സർക്കാർ വിഹിതത്തിന്‌ കാത്തുനിൽക്കാതെ, നെല്ല്‌ സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ്‌ കേരളത്തിലെ രീതി.

 

സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന്‌ ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ്‌ കർഷകന്‌ നെൽവില ലഭിക്കുന്നത്‌. കേരളത്തിൽ പിആർഎസ്‌ വായ്‌പാ പദ്ധതിയിൽ കർഷകന്‌ നെൽവില ബാങ്കിൽനിന്ന്‌ ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ്‌ സംസ്ഥാന സർക്കാർ നിർവഹിക്കും.

Advertisements

 

കർഷകൻ നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ്‌ തീർക്കുന്നത്‌. ഇതിലൂടെ നെല്ല്‌ ഏറ്റെടുത്താൽ ഉടൻ കർഷകന്‌ വില ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കുന്നു. വായ്‌പാ ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നതുമില്ല. കേരളത്തിൽ മാത്രമാണ്‌ നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളത്‌.

Share news