KOYILANDY DIARY

The Perfect News Portal

2024 ലെ പെൻ പിന്റർ പുരസ്‌കാരം അരുന്ധതി റോയിക്ക്‌

ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക്‌ 2024 ലെ പെൻ പിന്റർ പുരസ്‌കാരം. നാടകകൃത്ത് ഹരോൾഡ് പിന്ററിന്റെ സ്മരണാർത്ഥമാണ്‌ വർഷം തോറും പെൻ പിന്റർ പുരസ്‌കാരം നൽകുന്നത്. പാരിസ്ഥിതിക – മനുഷ്യാവകാശ വിഷയങ്ങളിൽ അരുന്ധതി റോയ് നൽകിയ സംഭാവനകളെ പുരസ്കാരനിർണയ സമിതി പ്രശംസിച്ചു.

Advertisements

സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ശബ്ദമാണ്‌ അരുന്ധതി റോയിയെന്നും ലോകം പ്രതിസന്ധിയുടെ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ആ ഇരുട്ടിൽ അരുന്ധതി റോയുടെ കൃതികൾ നക്ഷത്രമായിരുന്നുവെന്നും ജൂറി അംഗം ഖാലിദ് അബ്ദല്ല പറഞ്ഞു. ഒക്ടോബര്‍ 10 ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. പെന്‍ അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത്വിക്ക്, നടന്‍ ഖാലിദ് അബ്ദല്ല, എഴുത്തുകാരന്‍ റോജര്‍ റോബിന്‍സണ്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. 

 

കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ‘ആസാദി ദ ഒണ്‍ലി വേ’ എന്ന പേരില്‍ 2010ല്‍ ഡല്‍ഹിയില്‍ നടത്തിയ പരിപാടിയില്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപിച്ച്‌ കേന്ദ്രസർക്കാർ നിരന്തരമായി വേട്ടയാടുകയും ലെഫ്റ്റനന്റ് ഗവര്‍ണര്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ്‌ അരുന്ധതി റോയിക്ക്‌ ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്‌.

Advertisements