KOYILANDY DIARY

The Perfect News Portal

2000 പിൻവലിച്ചത്‌ സാമ്പത്തിക തകർച്ച ഒഴിവാക്കാൻ; സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ

തിരുവനന്തപുരം: 2000 പിൻവലിച്ചത്‌ സാമ്പത്തിക തകർച്ച ഒഴിവാക്കാനെന്ന് സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ. ബാങ്കുകളുടെ നിക്ഷേപവും വായ്‌പാ തിരിച്ചടവും ഉയർത്താനും കറൻസി പിൻവലിക്കൽ സഹായിച്ചതായി ബാങ്കിന്റെ ഗവേഷക വിഭാഗം പഠന റിപ്പോർട്ടിൽ വ്യക്തമാക്കി. നോട്ട്‌ പിൻവലിക്കൽ സാമ്പത്തിക വർഷ ആദ്യപാദത്തിൽ ആഭ്യന്തര മൊത്തം ഉൽപ്പാദനം 8.1 ശതമാനമാക്കി. ഇത്‌ വാർഷിക മൊത്ത ആഭ്യന്തര ഉൽപ്പാദനം 6.5 ശതമാനത്തിനു മുകളിലെത്തിക്കാൻ സഹായിക്കുമെന്നും പഠനം അവകാശപ്പെടുന്നു.

വാർഷിക സാമ്പത്തിക വളർച്ച കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനൊപ്പം എത്തില്ലെന്ന്‌ ലോക ബാങ്ക്‌ അടക്കം അംഗീകൃത ഏജൻസികളെല്ലാം വിലയിരുത്തിയ സാഹചര്യത്തിലായിരുന്നു 2000 കറൻസി പിൻവലിക്കൽ. നടപടി രാജ്യത്തെ ഷെഡ്യൂൾഡ്‌ വാണിജ്യ ബാങ്കുകൾക്കും പിടിവള്ളിയായി. മെയ്‌ 19ന്‌ നോട്ട്‌ പിൻവലിക്കൽ തീരുമാനം റിസർവ്‌ ബാങ്ക്‌ പ്രഖ്യാപിക്കുമ്പോൾ രാജ്യത്ത്‌ 3.62 ലക്ഷം കോടി രൂപയുടെ 2000 കറൻസി പ്രചാരണത്തിലുണ്ടായി. ജൂൺ എട്ടിലെ ആർബിഐ കണക്കിൽ 3.08 ലക്ഷം കോടിയുടെ കറൻസി തിരികെയെത്തി. ഇതിൽ 1.5 ലക്ഷം കോടിയുടെ കറൻസി ബാങ്ക്‌ നിക്ഷേപമായി. ബാക്കി 54,000 കോടി രൂപയുടെ 2000 രൂപ കറൻസി മറ്റ്‌ മൂല്യമുള്ള നോട്ടുകളായി മാറിയിട്ടുണ്ടാകാമെന്നാണ്‌ അനുമാനം.

 

ബാങ്ക്‌ നിക്ഷേപത്തിൽ 92,000 കോടി രൂപ വായ്‌പാ തിരിച്ചടവായി എത്തി. ബാക്കി കറണ്ട്‌, സേവിങ്‌സ്‌ ബാങ്ക്‌ നിക്ഷേപവുമായി. സേവിങ്‌സ്‌ ബാങ്ക്‌ നിക്ഷേപത്തിൽ 60 ശതമാനം, 55,000 കോടി രൂപയോളം ഉപഭോക്‌തൃ വിപണിയിലെത്തി. ഇത്‌ വിപണയിൽ  1.83 ലക്ഷം കോടി രൂപയുടെ ഉപഭോഗ കുതിപ്പിന്‌ അടിത്തറയിടുമെന്നും പഠനം വിലയിരുത്തുന്നു. നിത്യോപയോഗ സാധന വിപണിയിൽമാത്രം 55,000 കോടി രൂപയുടെ വളർച്ചയുണ്ടായി. ഇതെല്ലാം ആദ്യപാദത്തിലെ 8.1 ശതമാനം സാമ്പത്തിക വളർച്ചയ്‌ക്കുള്ള അടിസ്ഥാനമായി റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി. 

Advertisements