KOYILANDY DIARY.COM

The Perfect News Portal

18 വര്‍ഷം മുന്‍പ് മൂവാറ്റുപുഴയില്‍ നിന്ന് 30 പവനും കൊണ്ട് മുങ്ങി; ഇന്ന് മുംബൈയില്‍ നാല് ജ്വല്ലറികളുടെ ഉടമ

18 വര്‍ഷം മുന്‍പ് മൂവാറ്റുപുഴയില്‍ നിന്നും 30 പവനും കൊണ്ട് മുങ്ങിയ പ്രതി മുബൈയില്‍ പിടിയില്‍. നിലവില്‍ മുംബൈയിലെ നാലു ജ്വല്ലറികളുടെ ഉടമയായ മഹീന്ദ്ര ഹശ്ബാ യാദവാണ് (53) അറസ്റ്റിലായത്. മൂവാറ്റുപുഴ കല്ലറയ്ക്കല്‍ ജ്വല്ലറിയില്‍ സ്വര്‍ണപ്പണിക്കാരനായിരുന്നു ഇയാള്‍. 2006ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 15 വര്‍ഷത്തോളമായി ഇയാള്‍ കുടുംബസമേതം മൂവാറ്റുപുഴയിലാണ് താമസിച്ചിരുന്നത്. ജ്വല്ലറിയില്‍നിന്നു ശുദ്ധി ചെയ്യാനായി സ്വര്‍ണം കൊണ്ടുപോയിരുന്നത് യാദവായിരുന്നു. എന്നാല്‍ 2006ല്‍ ഇങ്ങനെ പോയശേഷം തിരികെയെത്തിയില്ല.

അന്ന് സ്വദേശമായ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ പൊലീസ് അന്ന് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ നവകേരള സദസ്സില്‍ ജ്വല്ലറി ഉടമ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് പ്രത്യേക സംഘം ഏറ്റെടുത്തത്. യാദവിന്റെയും മക്കളുടെയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ മുംബൈയിലെത്തിച്ചത്. മുംബൈ മുളുണ്ടില്‍ ആഡംബര ബംഗ്ലാവിലാണ് ഇയാള്‍ താമസിച്ചിരുന്നത്.

 

റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തിലാണ് പുനരന്വേഷണം നടത്തിയത്. കസ്റ്റഡിയിലെടുത്തശേഷം ഇയാളുടെ ഗുണ്ടാസംഘത്തെ വെട്ടിച്ചാണ് പൊലീസ് പ്രതിയെ കേരളത്തിലെത്തിച്ചത്. കോടതിയില്‍ ഹാജരാക്കിയ യാദവിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഗുണ്ടാസംഘത്തിന്റെ ഭീഷണി മറികടന്നു സാഹസികമായാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴയിലെത്തിച്ചത്. മൂവാറ്റുപുഴയിലെ സുഹൃത്തില്‍നിന്ന് ഒന്നര ലക്ഷം രൂപ വായ്പയും വാങ്ങി കുടുംബസമേതമായിരുന്നു ഇയാള്‍ മുങ്ങിയത്.

Advertisements
Share news