KOYILANDY DIARY

The Perfect News Portal

18 കോടി രൂപയുടെ മരുന്നിന് നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശിവദാസന്‍. എം. പി പ്രധാനമന്ത്രിക്ക്‌ കത്ത്‌ നല്‍കി

ഡല്‍ഹി: അപൂര്‍വ്വരോഗം പിടിപെട്ട കുഞ്ഞിന് വേണ്ടി ഇറക്കുമതി ചെയ്യുന്ന 18 കോടി രൂപയുടെ മരുന്നിന് നികുതി ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് വി ശിവദാസന്‍ എം പി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്‍കി. നികുതികള്‍ ഒഴിവാക്കി എത്രയും വേഗത്തില്‍ മരുന്ന് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ശരീരത്തിന്റെ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂര്‍വ്വ രോഗം പിടിപെട്ട കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന്‍ മുഹമ്മദിന്റെ ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്താന്‍ നാടാകെ കൈകോര്‍ത്തിരുന്നു. കല്യാശേരി മണ്ഡലം എംഎല്‍എ വിജിന്റെയും മാട്ടൂല്‍ പഞ്ചായത്ത് ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റിയുടെ പ്രവര്‍ത്തന ഫലമായി ഒട്ടേറെ ഉദാരമതികളുടെ സഹായത്തോടെയാണ് മരുന്നിന് ആവശ്യമായ 18 കോടി രൂപ ഒരാഴ്ച കൊണ്ട് സമാഹരിക്കാനായത്. 

ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്ന് എന്നറിയപ്പെടുന്ന സോള്‍ജെന്‍സ്മ എന്ന ഈ ഇഞ്ചക്ഷന്‍ എത്രയും വേഗം ഇറക്കുമതി ചെയ്ത് മുഹമ്മദിനെ സുഖപ്പെടുത്താനാവശ്യമായ തീവ്ര ശ്രമത്തിലാണ് കേരള സര്‍ക്കാരും ആശുപത്രിയും. ഈ ജീവന്‍ രക്ഷാ മരുന്ന് ഇറക്കുമതി ചെയ്യുമ്ബോള്‍ ഇറക്കുമതി തീരുവയും ജിഎസ്ടിയും അടക്കം നികുതിയിനത്തില്‍ മാത്രം ഏകദേശം ആറര കോടി രൂപയോളം ചെലവുവരും. ഈ നികുതികള്‍ ഒഴിവാക്കിതരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisements

സമാനമായ രീതിയില്‍ മഹാരാഷ്ട്രയിലെ തീര എന്ന കുട്ടിക്ക് സൊള്‍ജെന്‍സ്മ മരുന്നിനുമേലുള്ള നികുതികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇതേ നിലപാട് മുഹമ്മദിന്റെ കാര്യത്തിലുമുണ്ടാകണം എന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും ശിവദാസന്‍ എം പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *