KOYILANDY DIARY.COM

The Perfect News Portal

നാവികസേനയുടെ 17 കോടിയുടെ ഓർഡർ സർക്കാർ സ്ഥാപനമായ കെൽട്രോണിന്

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോണിന് പ്രതിരോധ മേഖലയിൽ നിന്ന് വീണ്ടും സുപ്രധാന ഓർഡർ ലഭിച്ചു. കെൽട്രോൺ ഉപകമ്പനിയായ കുറ്റിപ്പുറം കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിന് (കെഇസിഎൽ) നാവിക സേനയിൽ നിന്ന്‌ 17 കോടി രൂപയുടെ ഓർഡറാണ് ലഭിച്ചത്. പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയിൽ നിന്നും കെഇസിഎല്ലിന് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡറാണിതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

നാവികസേനയുടെ പ്രധാന പദ്ധതികളിലൊന്നായ എഎസ്ഡബ്ള്യൂ ഷാലോ വാട്ടർ ക്രാഫ്റ്റിലെ സോണാറുകൾക്ക് ആവശ്യമായ നൂതന ട്രാൻസ്ഡ്യൂസർ എലമെന്റുകൾ നിർമ്മിച്ചു നൽകുന്നതിനാണ് ഓർഡർ ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 2000 ലധികം ട്രാൻസ്ഡ്യൂസർ എലമെന്റുകൾ കെഇസിഎൽ നിർമ്മിച്ചു നൽകും. പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയിൽ കെൽട്രോൺ കൈവരിച്ച സാങ്കേതിക മികവ് വ്യക്തമാക്കുന്നതാണ് തുടർച്ചയായി ലഭിക്കുന്ന ഓർഡറുകളെന്നും പി രാജീവ് പറഞ്ഞു.

സമുദ്രത്തിനടിയിലുള്ള ശബ്ദ തരംഗങ്ങളിലൂടെ മറ്റ് കപ്പലുകളുടെയും അന്തർവാഹിനികളുടെയും സാന്നിധ്യം തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളായ ഹൈഡ്രോഫോണുകളുടെ പ്രധാന ഘടകമാണ് ട്രാൻസ്ഡ്യൂസറുകൾ. രാജ്യത്ത് ആഭ്യന്തരമായി ട്രാൻസ്ഡ്യൂസറുകൾ നിർമ്മിക്കുന്ന സുപ്രധാന പൊതുമേഖലാ സ്ഥാപനമാണ് കെഇസിഎൽ. വർഷങ്ങളായി വിവിധതരം പ്രതിരോധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നാവികസേനയ്ക്കായി കെൽട്രോൺ നിർമ്മിച്ചു നൽകുന്നുണ്ട്.

Advertisements
Share news