KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: വാസ്‌കോഡഗാമയുടെ സന്ദർശനത്തിലൂടെ ലോക ചരിത്രത്തിലിടംപിടിച്ച കാപ്പാടുനിന്ന് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടം നയിച്ച കുഞ്ഞാലി മരയ്ക്കാരുടെ കോട്ടക്കലിലേക്ക് പ്രകൃതിസൗന്ദര്യം നുകർന്ന് ഒരു ജലയാത്ര. അതിമനോഹരമാണ് പ്രകൃതിസൗന്ദര്യം നിറഞ്ഞ കരകൾക്കിടയിലൂടെ പുഴയിലൂടെയുള്ള യാത്ര. വലിയ ഹൗസ് ബോട്ടുകളും ഇടത്തരം ശിക്കാരി ബോട്ടുകളും ഉപയോഗിക്കാം.
കാപ്പാടുനിന്ന് കടലിലൂടെ കോട്ടക്കലേക്കുള്ള ബോട്ടുയാത്ര ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നേരത്തെ ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല. കടൽയാത്രയേക്കാൾ സുന്ദരമായിരിക്കും കാപ്പാടുനിന്നാരംഭിക്കുന്ന പുഴയാത്ര. കാപ്പാടൻ കൈപ്പുഴയ്‌ക്കടുത്ത് കണ്ണൻ കടവ് പാലത്തിനടുത്തുനിന്ന് വലിയ ഹൗസ് ബോട്ടുകൾക്കടക്കം യാത്ര ആരംഭിക്കാം. തുടർന്ന് കോരപ്പുഴയിലൂടെ വടക്കോട്ട്‌ സഞ്ചരിക്കാം. പുളിക്കൂൽ കടവിനടുത്തുകൂടി അണ്ടിക്കോടിന് പടിഞ്ഞാറുവശത്തെ വള്ളിൽ കടവിലൂടെ, മേയനക്കടവ് കടന്ന് തിരുവങ്ങൂരിനും അത്തോളിക്കുമിടയ്ക്കുള്ള കുനിയിൽകടവ് പാലത്തിനടിയിലൂടെ  കുന്നുകളും വെള്ളക്കെട്ടുകളും കണ്ട്‌ യാത്രചെയ്യാം. തുടർന്ന് ചാത്തനാടത്ത്, തോരായി ഉള്ളൂർകടവ് കടന്ന് കണയങ്കോട് ഭാഗത്ത് പ്രവേശിക്കാം. വലിയ തുരുത്തുകൾ ഈ പ്രദേശത്തുണ്ട്.
നൂറുകണക്കിന് പക്ഷികൾ, കണ്ടൽകാടുകൾ, മത്സ്യങ്ങൾ എന്നിവയെല്ലാം പ്രത്യേകതയാണ്. അണേല, നടേരി കടന്ന് അകലാപ്പുഴയുടെ ഭാഗമായ നെല്ല്യാടിവഴി പയ്യോളി ചീർപ്പിനടുത്തുകൂടി മൂരാട് പുഴയിലേക്കെത്താം. ലോകശ്രദ്ധയാകർഷിച്ച ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിനടുത്തുകൂടി കുഞ്ഞാലി മരയ്ക്കാർ സ്മാരകത്തിനടുത്തുവരെ യാത്ര തുടരാം. പയ്യോളി ചീർപ്പിന്റെ ഷട്ടർ തുറന്നാൽ കുറ്റ്യാടിപ്പുഴയിലും അതുവഴി പെരുവണ്ണാമുഴി ടൂറിസ്റ്റ് കേന്ദ്രത്തിലും എത്താനുമാകും.
വീതിയേറിയതും ശാന്തവുമാണ്‌ അകലാപ്പുഴ. കണയങ്കോട് പുഴയിലും അകലാപ്പുഴയുടെ ഒരുഭാഗത്തും നേരത്തെ സ്വകാര്യ ബോട്ടുകളുണ്ടായിരുന്നു. സാങ്കേതിക കാരണങ്ങളാൽ നിർത്തിയ സർവീസുകൾ നിയമം പാലിച്ച്‌ പുനരാരംഭിക്കാനാവും. സ്വാദിഷ്‌ഠമായ പുഴമത്സ്യം സഞ്ചാരികൾക്ക് വേറിട്ട രുചിയും സമ്മാനിക്കും. ടൂറിസം വകുപ്പിന് പ്രാദേശിക ബോട്ട് സംഘങ്ങളുടെ സഹകരണത്തോടെ ഇവിടം ഒരു പ്രധാന നദീജല ടൂറിസമാക്കി മാറ്റാൻ കഴിയും. പുഴയുടെ ഇരുകരകളിലുമുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക്‌ വരുമാന മാർഗവുമാവും. പുഴയെ ആശ്രയിച്ച്‌ ജീവിക്കുന്നവരെയും ടൂറിസത്തിന്റെ ഭാഗമാക്കാനാവും.

Read more: https://www.deshabhimani.com/news/kerala/news-kozhikodekerala-24-10-2022/1051450