KOYILANDY DIARY

The Perfect News Portal

രാഹുൽ ജോഡോ യാത്ര കൊല്ലം ജില്ലയിൽ എത്തിയപ്പോൾ മൂന്ന് നേതാക്കൾ പാർട്ടിക്ക് പുറത്ത്‌

കൊല്ലം: രാഹുൽഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്ര കൊല്ലം ജില്ലയിൽ മൂന്നുനാൾ പിന്നിട്ടപ്പോൾ മൂന്ന്‌ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ നടപടി. യാത്രയ്‌ക്കു നൽകിയ പിരിവ്‌ കുറഞ്ഞതിന്റെ പേരിൽ വഴിയോര പച്ചക്കറിക്കടയിൽ അക്രമം നടത്തിയ വിളക്കുടി വെസ്‌റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ സലിം സൈനുദീൻ, യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അനീഷ്‌ഖാൻ, ഡിസിസിഅംഗം കുന്നിക്കോട്‌ ഷാജഹാൻ എന്നിവരെ പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ്‌ പി രാജേന്ദ്ര പ്രസാദ്‌ വാർത്താക്കുറിപ്പിൽ പറഞ്ഞു. എന്നാൽ, അതിക്രമം തടയാൻ ശ്രമിച്ച ഷാജഹാനെതിരെയും നടപടിയെടുത്തതിൽ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാണ്‌.

പുനലൂർ ഫാദിൽ മൻസിലിൽ എസ്‌ ഹഫാസിന്റെ വഴിയോര പച്ചക്കറിക്കടയിൽ വ്യാഴം വൈകിട്ടായിരുന്നു നേതാക്കളുടെ അതിക്രമം. ഹഫാസ്‌ കുന്നിക്കോട്‌ പൊലീസിൽ പരാതി നൽകുകയും ദേശീയമാധ്യമങ്ങളിലടക്കം വാർത്തയാകുകയും ചെയ്‌തതോടെ നേതൃത്വം നടപടിക്ക്‌ നിർബന്ധിതമായി.

യാത്ര ജില്ലയിലെത്തിയ ആദ്യദിനം സ്വീകരണത്തിനിടെ മുതിർന്ന കോൺഗ്രസ്‌ നേതാവും യാത്രയുടെ ജില്ലാ കോ –-ഓർഡിനേറ്ററുമായ കെ സി രാജനെ പ്രവർത്തകർ നിലത്തിട്ടു ചവിട്ടി. 4000രൂപയും രേഖകളും അടങ്ങിയ പേഴ്‌സും കവർന്നു. സംഭവത്തിൽ ഡിസിസി പ്രസിഡന്റിനോട്‌ കെപിസിസി നേതൃത്വം വിശദീകരണം തേടി. വളന്റിയർ പാസിനെച്ചൊല്ലി  യൂത്ത്‌കോൺഗ്രസുകാർ ഗ്രൂപ്പുതിരിഞ്ഞ്‌ ഏറ്റുമുട്ടി. രാഹുൽ ഗാന്ധിയെ സ്വീകരിക്കാനുള്ള കുട്ടികൾക്ക്‌ സ്‌കൂൾ പ്രവൃത്തിസമയം ഡിസിസി ഓഫീസിൽ പരിശീലനം നൽകിയതും യാത്രയ്‌ക്ക്‌ ജയ്‌ വിളിക്കാൻ പിആർ ഏജൻസി നിർബന്ധിച്ചതും  വിവാദമായിരുന്നു.

Advertisements

യാത്രയുടെ പേരിൽ മണ്ഡലം കമ്മിറ്റി അറിയാതെ സ്വകാര്യ മെഡിക്കൽ കോളേജിൽനിന്ന്‌ ഒരു ലക്ഷം രൂപ പിരിച്ചതിൽ ഡിസിസി പ്രസിഡന്റിനെതിരെയും പരാതി ഉയർന്നു. 

പച്ചക്കറിക്കടയിലെ അതിക്രമം: മണ്ഡലം പ്രസിഡന്റിനെതിരെ കേസ്‌
കൊല്ലം: ഭാരത്‌ ജോഡോ യാത്രയ്‌ക്കു നൽകിയ പിരിവ്‌ കുറഞ്ഞതിന്റെ പേരിൽ വഴിയോര പച്ചക്കറിക്കടയിൽ അതിക്രമം നടത്തിയ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിനെതിരെ പൊലീസ്‌ കേസെടുത്തു. വിളക്കുടി  വെസ്റ്റ് മണ്ഡലം പ്രസിഡന്റ്‌ സലീം സൈനുദീനെതിരെയാണ്‌ കുന്നിക്കോട്‌ പൊലീസ്‌ കേസെടുത്തത്‌.
കുറ്റക്കാരായ എല്ലാവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട്‌ കടയുടമ ഹഫാസ്‌ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ്‌ മേധാവിക്കും വെള്ളിയാഴ്‌ച പരാതിനൽകി.

കെപിസിസിയുടെ പ്രവർത്തനത്തിലും 
മുതിർന്ന നേതാക്കൾക്ക്‌ അതൃപ്തി
കെപിസിസി അംഗങ്ങളുടെ പട്ടിക മതിയായ ചർച്ചയില്ലാതെ തയ്യാറാക്കിയതിൽ അതൃപ്തിയുള്ള മുതിർന്ന നേതാക്കൾക്ക്‌ പുതിയ നേതൃത്വത്തിന്റെ പ്രവർത്തനത്തിലും കടുത്ത എതിർപ്പ്‌.

വ്യാഴാഴ്‌ച ചേർന്ന കെപിസിസി ജനറൽ ബോഡിയിലും നേതാക്കൾ ഇത്‌ മറച്ചുവച്ചില്ല. കെപിസിസി അധ്യക്ഷനെയും മറ്റു ഭാരവാഹികളെയും തീരുമാനിക്കാൻ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം തയ്യാറാക്കുന്നതുപോലും മുതിർന്ന നേതാക്കളോട്‌ ചർച്ച ചെയ്തില്ല. ഇതുമൂലം പ്രമേയം തെറ്റുകയും ചെയ്തു. അധ്യക്ഷനെമാത്രം തെരഞ്ഞെടുക്കുന്ന പ്രമേയം എന്നെഴുതിയത്‌ തെറ്റാണെന്ന്‌ നേതാക്കൾ ചൂണ്ടിക്കാട്ടിയപ്പോൾ അത്‌ തിരുത്തി വായിക്കാമെന്നാണ്‌ ഭാരവാഹികൾ പറഞ്ഞത്‌. അതുപോര, പുതിയ പ്രമേയംതന്നെ വേണമെന്ന്‌ നേതാക്കൾ നിലപാടെടുത്തു. എതിർപ്പുകൾ പുറത്തുവരാതിരിക്കാൻ രാഹുൽ ഗാന്ധി കേരളത്തിൽ ജാഥ നടത്തുമ്പോൾത്തന്നെ കെപിസിസി പട്ടിക പ്രസിദ്ധീകരിച്ച്‌ യോഗം വിളിച്ചതിൽ കടുത്ത അമർഷമാണ്‌ നേതാക്കൾക്കുള്ളത്‌.

മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ നിർണായക കെപിസിസി യോഗത്തിൽനിന്ന്‌ വിട്ടുനിന്നതും പ്രതിഷേധത്തിന്റെ ആഴം വ്യക്തമാക്കുന്നു. കെ സി വേണുഗോപാൽ മുന്നോട്ടുവച്ച ഫോർമുലയുടെ അടിസ്ഥാനത്തിലാണ്‌ പട്ടിക തയ്യാറാക്കിയത്‌. സുധാകരനും വി ഡി സതീശനും അതിനു വഴങ്ങുകയായിരുന്നു. രമേശ്‌ ചെന്നിത്തലയോടൊപ്പം നിൽക്കുന്ന പല പ്രമുഖരെയും പട്ടികയിൽനിന്ന്‌ ഒഴിവാക്കി. രാഹുൽ ഗാന്ധി കേരളം വിട്ടശേഷം പ്രതികരിക്കാമെന്നാണ്‌ പല നേതാക്കളും കണക്കുകൂട്ടിയിട്ടുള്ളത്‌.