KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ. കെ ശൈലജ ടീച്ചറുടെ സബ്മിഷന്  മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്.

യൂണിഫോമിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വിവാദം ഒരു ഉദാഹരണമാണ്. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണ്. ഒരുതരത്തിലുള്ള തീവ്ര നിലപാടുകളും മേല്‍പ്പറഞ്ഞവയെ ഹനിക്കാന്‍ പാടില്ലായെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഓരോ വിദ്യാലയങ്ങളിലും അവരുടെ യൂണിഫോം വിദ്യാലയതലത്തിലാണ് തീരുമാനിക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല.

പുരോഗമന സ്വഭാവമുള്ള ഒരു വിജ്ഞാന സമൂഹ നിര്‍മ്മിതിയാണ് നമ്മുടെ ലക്ഷ്യം. അതിന് ശാസ്ത്ര അവബോധം അനിവാര്യമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്ത്രീകളുടെ മേലുള്‍പ്പെടെ വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കാന്‍ ഉണ്ടാകുന്ന ശ്രമങ്ങള്‍ നമ്മുടെ ലക്ഷ്യത്തിന് തടസ്സം നില്‍ക്കുന്ന ഒന്നാണ്. അത്തരം വാദഗതികള്‍ അംഗീകരിച്ചുകൊടുക്കുന്ന നയമല്ല സര്‍ക്കാരിന്റേത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ ജാതി-മത-ലിംഗ ഭേദമന്യേ അവര്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്.  ഇതിന് സഹായകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് നമ്മളേവരും മുന്‍കൈ എടുക്കേണ്ടത്.

Advertisements

സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഇതിനുണ്ടായിരിക്കുന്നതാണ്. നമ്മുടെ സമൂഹത്തില്‍ സ്ത്രീ സമൂഹത്തിന് തുല്യതാബോധം എന്ന ലക്ഷ്യത്തോടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ലക്ഷ്യത്തിന് കടകവിരുദ്ധമായി അടുത്തകാലത്ത് കാണുന്ന ചില പ്രവണതകള്‍ തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ടവയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.   നമ്മുടെ സംസ്ഥാനം ലിംഗനീതിയുടെ കാര്യത്തില്‍ ഏറ്റവും മുമ്പിലാണെന്ന് നിതിആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. പലവിധ കാരണങ്ങളാല്‍ അനവധി പരാധീനതകള്‍ നേരിട്ടിരുന്ന നമ്മുടെ സ്ത്രീ സമൂഹത്തെ ശാക്തീകരണത്തിന്റെ പാതയിലേക്ക് നയിക്കാന്‍ സര്‍ക്കാരും ബഹുജന പ്രസ്ഥാനങ്ങളും സന്നദ്ധസംഘടനകളും വലിയപങ്കാണ് വഹിച്ചിട്ടുള്ളത്.

രാജ്യത്തിന് ആകെ മാതൃകയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി ഉറപ്പുവരുത്തിയ സംസ്ഥാനമാണ് കേരളം. കുറഞ്ഞ മാതൃമരണ നിരക്ക്, ഉയര്‍ന്ന ലിംഗാനുപാതം, സ്ത്രീകളുടെ ഉയര്‍ന്ന ജീവിതദൈര്‍ഘ്യം എന്നീ സൂചികകളിലെല്ലാം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്.  വിദ്യാഭ്യാസരംഗത്ത് കേരളത്തിലെ പെണ്‍കുട്ടികളുടെ പ്രാതിനിധ്യം ശ്രദ്ധേയമാണ്. ഹൈസ്‌കൂള്‍തലം വരെ പെണ്‍കുട്ടികളുടെ പ്രവേശനനിരക്ക് 48 ശതമാനമാണ്. ഹയര്‍ സെക്കണ്ടറി തലത്തില്‍ 51.82 ശതമാനവും.  ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദകോഴ്‌സുകളില്‍ പ്രവേശനം നേടുന്നവരുടെ 64.6 ശതമാനവും ബിരുദാനന്തര കോഴ്‌സുകളില്‍ പ്രവേശനം നേടുന്നവരുടെ 64.89 ശതമാനവുമാണ്. തൊഴിലധിഷ്ഠിത കോഴ്‌സുകളായ നഴ്‌സിംഗ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളിലെ പെണ്‍കുട്ടികളുടെ പ്രാതിനിധ്യം 81.35 ശതമാനമാണ്. എഞ്ചിനീയറിംഗ് പോളിടെക്‌നിക്ക് മേഖലയില്‍ മാത്രമാണ് പെണ്‍കുട്ടികളുടെ പ്രാതിനിധ്യം കുറഞ്ഞ് നില്‍ക്കുന്നത്. അതും ഇപ്പോള്‍ വര്‍ദ്ധനവിന്റെ സൂചന കാണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *