ഇന്ന് തീപിടിച്ച കെട്ടിടത്തിന് ഫയറിൻ്റെ എൻ.ഒ.സി. ഇല്ല
ഫയർ & സേഫ്റ്റി വിഭാഗത്തിൻ്റെ എൻ.ഒ.സി. ഇല്ല.. ഇന്ന് കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ച സംഭവത്തിൽ ദുരൂഹതകൾ ഏറെ. കെട്ടിടത്തിനടുത്തേക്ക് ഫയർ എഞ്ചിൻ കടന്ന് പോകാനുള്ള വഴിയില്ലാതായതോടെ അധികൃതർ കൊയിലാണ്ടി മേൽപ്പാലത്തിന് മുകളിൽ എഞ്ചിൻ നിലയുറപ്പിച്ച് 300 മീറ്റർ അകലെയുള്ള കെട്ടിടത്തിലേക്ക് ഓസ് ഘടിപ്പിച്ച് വെള്ളം ചീറ്റിയാണ് തീകെടുത്തിയത്. ഒന്നര മണിക്കൂർ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി ജനത്തെ ദുരിതത്തിലാക്കിയ ദുരവസ്ഥ എങ്ങിനെയുണ്ടായി എന്ന് നാട്ടുകാർ ചോദിക്കുന്നു. റോഡ് ആക്സസ് ഇല്ലാത്ത കെട്ടിടത്തിന് എങ്ങിനെ നിർമ്മാണ അനുമതി ലഭിച്ചു എന്നതും ചോദ്യ ചിഹ്നമാകുന്നു. വലിയ ദുരന്തം ഉണ്ടായാൽ ഇവിടെ എങ്ങിനെ രക്ഷാ പ്രവർത്തനം നടത്തും ?..

യാതൊരു സുരക്ഷ മുൻകരുതലുമില്ലാതെ മൂന്ന് നിലകളുടെ നിർമ്മാണം പൂർത്തിയാക്കിയത് എങ്ങിനെ?. ബഹു നില കെട്ടിടം പണിയാൻ നഗരപാലിക നിയമപ്രകാരം 5 മീറ്റർ വീതിയുള്ള റോഡ് ആക്സസ് വേണം എന്നിരിക്കെ തൊടുപുഴയുള്ള അമരാവതി ഗ്രൂപ്പിന് ഡോർമെട്രി, ലോഡ്ജിംഗ് സൌകര്യമുള്ള കെട്ടിടം പണിയാൻ എങ്ങിനെ രണ്ട് മീറ്റർ മാത്രം വീതിയുള്ള റോഡിന് സമീപം അനുമതി കിട്ടി?. ഇതിനെപറ്റി അന്വേഷണം നടത്തണമെന്ന് നാട്ടുകാർ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.


ഈ കെട്ടിടം നിൽക്കുന്ന സ്ഥലത്തേക്ക് ആകെയുള്ള റോഡ് കൊയിലാണ്ടി ബപ്പൻകാട് റോഡിൽ നിന്ന് പള്ളിക്ക് സമീപമുള്ള ടാർ ചെയ്ത രണ്ട് മീറ്റർ മാത്രം വീതിയുള്ള റോഡാണുള്ളത്. ഇതിന് നിലവിലെ നിയമപ്രകാരം ഫയർ ആൻ്റ് സേഫ്റ്റിയുടെ അനുമതി ഒരിക്കലും ലഭിക്കില്ല. കഴിഞ്ഞ മാസമാണ് കെട്ടിട ഉടമ കൊയിലാണ്ടി ഫയർ & സേഫ്റ്റി അധികൃതർക്ക് അനുമതിക്കായി അപേക്ഷ നൽകിയതെന്നറിയുന്നു. ഇത് തിരുവനന്തപുരത്തേക്ക് ഫോർവേഡ് ചെയ്തതായാണ് അറിയുന്നത്. അത് തിരിച്ചയക്കാനേ സാധ്യതയുള്ളൂ. കാരണം 5 മീറ്റർ വീതിയുള്ള റോഡ് കെട്ടിടത്തിന് സമീപത്തൊരിടത്തും ഇല്ല എന്നതാണ് വസ്തുത. പന്നീടുള്ള റോഡ് ആർ.ബി.ഡി.സി.കെ.യുടെ ഉടമസ്ഥതയിലുള്ള മേൽപ്പാലത്തിന് ചുവടെയുള്ള സ്ഥലമാണ്. അത് ഒരു കാരണവശാലും റോഡിനായി വിട്ടുകൊടുക്കില്ല എന്നാണ് ആർ.ബി.ഡി.സി.കെ. അറിയിച്ചത്.


കൂടാതെ പാലത്തിനടിയിൽ ഫയർ എഞ്ചിൻ കടന്ന് പോകാനുള്ള ഉയരം ഇല്ലതാനും. മറ്റൊന്ന് കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാൻ്റ് കെട്ടിടത്തിൽ ഒഴിപ്പിക്കപ്പെട്ട കട്ടവടക്കാരെ പുനരധിവസിപ്പിക്കാൻ ഈ മേൽപ്പാലത്തിനടിയിലാണ് നഗരസഭ സ്ഥലം കണ്ടെത്തിയുതും അതിന് അന്ന് പാലം നിർമ്മാണത്തിലിരിക്കുന്ന ഘട്ടത്തിൽ ആർ.ബി.ഡി.സി.കെ അനുമതി കൊടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. അങ്ങിനെ വന്നാൽ അത് വഴി ഒരാൾക്ക് നടന്ന് പോകാനും കഴിയില്ല എന്നതാണ വസ്തുത.


അന്വേഷണത്തിൽ 2015ലാണ് കെട്ടിടത്തിന് ആദ്യമായി അനുമതി ലഭിച്ചത് എന്ന് അറിയുന്നു. സമീപ കാലത്ത് പെർമിറ്റ് കാലാവധി കഴിഞ്ഞതോടെ വീണ്ടും പുതുക്കിയതായാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ മാസം കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിടത്തിന് വ്യാജ നമ്പർ നൽകിയതിന് അറസ്റ്റിലായി ജയിലിൽ കിടക്കുന്ന ഒരു ഉദ്യോഗസ്ഥനും കൂട്ടാളികളുമാണ് ഈ കെട്ടിടത്തിനും അക്കാലത്ത് അനുമതി നൽകിയതെന്നാണ് ആരോപണം.

