ചെറിയമങ്ങാട്-വിരുന്നുകണ്ടി തോട് അടഞ്ഞു: കടലിലേക്കുള്ള ഒഴുക്ക് നിലച്ചു

കൊയിലാണ്ടി: ചെറിയമങ്ങാട്-വിരുന്നുകണ്ടി തോട് മണൽ നിറഞ്ഞ് കടലിലേക്കുള്ള ഒഴുക്ക് നലച്ചു. ഇതോടെ മലിന ജലം കടലിലേക്ക് ഒഴുകിപ്പോകാതെ പ്രദേശത്ത് തന്നെ കെട്ടി നിൽക്കുകയാണ്. എല്ലാ വർഷവും തോട് അടച്ചു കൊണ്ട് ഇവിടെ മണൽത്തിട്ട രൂപപ്പെടും. കടലിൽ ശക്തമായ തിരമാലകളുണ്ടാകുമ്പോഴാണ് മണൽ കുന്നുകൂടുന്നത്. ഇതോടെ തോട്ടിലൂടെ വരുന്ന മലിനജലം അവിടെത്തന്നെ കെട്ടിനിൽക്കുന്ന അവസ്ഥ വരും. മിക്കപ്പോഴും പ്രദേശവാസികൾ തന്നെ ചാലുകീറി മണൽ നീക്കം ചെയ്താണ് തോടിന്റെ ഒഴുക്ക് സാധാരണ ഗതിയിലാക്കുക. കൂടുതൽ മണൽ ഉണ്ടാകുമ്പോൾ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നീക്കം ചെയ്യും. ഇത്തവണ മണൽ നീക്കം ചെയ്യാത്തത് കാരണം വെള്ളം കെട്ടി നിൽക്കുകയാണ്.

മഴ ശക്തമായി പെയ്യുമ്പോൾ കടലോരത്തിന്റെ കിഴക്കുഭാഗത്ത് ഇതു കാരണം വെള്ളമുയരും. പ്രദേശവാസികളുടെ വീടിന് ഇത് ഭീഷണിയാകും. കിണറുകളും മലിനജലം കലർന്ന് ഉപയോഗശൂന്യമാകും. ചെറിയ മങ്ങാട് പാലത്തിന് അടിയിലൂടെ ശാസ്ത്രീയമായ രീതിയിൽ തോട് നിർമിക്കുകയാണ് വേണ്ടത്. ഇക്കാര്യം നഗരസഭയുടെ ശ്രദ്ധയിൽ പലതവണ പെടുത്തിയതായി പരിസരവാസിയായ വി.എം. രാജീവൻ പറഞ്ഞു. എല്ലാ മഴക്കാലത്തും വിരുന്നുകണ്ടി ചെറിയമങ്ങാട് പ്രദേശവാസികൾ അനുഭവിക്കുന്ന ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്ന് നഗരസഭ കൗൺസിലർ കെ.കെ. വൈശാഖ് ആവശ്യപ്പെട്ടു.


