കൊയിലാണ്ടി മത്സ്യ മാർക്കറ്റ് കോംപ്ലക്സിൽ പുതിയ കൈയ്യേറ്റം

കൊയിലാണ്ടി മത്സ്യ മാർക്കറ്റ് കോംപ്ലക്സിനടുത്ത് പുതിയ കൈയ്യേറ്റം.. നേരം വെളുക്കുമ്പോഴേക്കും ഒരു പുത്തൻ കട പ്രത്യക്ഷപ്പെട്ടത് തൊട്ടടുത്തുള്ള കച്ചവടക്കാർപോലും ഞെട്ടിത്തരിച്ചുപോയ കാഴ്ചയാണ് കണ്ടത്. അന്വേഷിച്ചപ്പോൾ നഗരസഭയുടെ ലൈസൻസോ മറ്റ് അനുമതികളൊന്നും ഇല്ലാതെ ഇരുട്ടിൻ്റെ മറവിൽ രണ്ട് ദിവസം കൊണ്ടാണ് ഉടമ നിർമ്മാണം പൂർത്തിയാക്കിയതെന്ന് അറിയുന്നു. കൊയിലാണ്ടി ബപ്പൻകാട് റോഡിൽ നിന്ന് മത്സ്യ മാർക്കറ്റിലേക്ക് കയറുന്ന വലതുഭാഗത്തെ ആദ്യത്തെ ഒരു മുറി കടയാണ് നേരം വെളുക്കുമ്പോഴേക്കും മുമ്പിലും പിറകിലുമായി രണ്ട് മുറികളായി മാറിയത്.


സ്ഥാപനത്തിന് പിറകിൽ മാർക്കറ്റ് കോംപ്ലക്സിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൻ്റെ വൻ മതിൽ ഉണ്ടായിരുന്നു. അതിൻ്റെ മറപറ്റിയാണ് കൈയ്യേറ്റം നടത്തിയത്. തുടർന്നാണ് മാർക്കറ്റിൽ നിന്നുള്ള ഭാഗത്ത് വൻ മതിൽ പൊളിച്ചുമാറ്റി പുതിയ കടമുറി വെളിച്ചത്തെത്തിയത്. ഷട്ടർ കൂടാതെ നഗരസഭയുടെ അനുമതിയില്ലാതെ ഓടുകൾ നീക്കംചെയ്ത് നാലു ഭാഗത്തും ചുമരിൻ്റെ ഉയരം സിന്റ് കട്ടകൊണ്ട് ഉയർത്തുകയും രണ്ട് മുറിക്കും ഷീറ്റിട്ട് മേൽക്കൂരയും പണിതിട്ടുണ്ട്.



നിലവിൽ ബപ്പൻകാട് റോഡിൽ നിന്നാണ് ഷോപ്പിലേക്കുള്ള പ്രവേശനവും ഷട്ടറും സ്ഥാപിച്ചത്. ഇപ്പോൾ മത്സ്യ മാർക്കറ്റിനോട് ആമുഖമായി പുതിയ ഷട്ടർ വന്നിരിക്കുകയാണ്. സ്വകാര്യ വ്യക്തിയായ റോസ് മഹൽ മറിയക്കുട്ടി എന്നവരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. സംഭവം അറിഞ്ഞ നഗരസഭ അധികൃതർ ഉടൻതന്നെ സ്റ്റോപ്പ് മെമ്മോ കൊടുത്ത് പ്രവൃത്തി നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഷട്ടർ നീക്കം ചെയ്യുന്നതുൾപ്പെടെ കൈയ്യറ്റം പൂർണ്ണമായും പൊളിച്ചു നീക്കാനും മറ്റ് തുടർ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് നഗരസഭ അധികൃതർ അറിയിച്ചു.


