KOYILANDY DIARY

The Perfect News Portal

കഥകളി പഠന ശിബിരത്തിൽ ആദിവാസി ഊരിൽ നിന്നും കുട്ടികളെത്തി

കൊയിലാണ്ടി: ഗുരു ചേമഞ്ചേരിയുടെ ആഗ്രഹങ്ങൾ സഫലമാവുന്നു. കഥകളി പഠന ശിബിരത്തിൽ ആദിവാസി ഊരിൽ നിന്നും കുട്ടികളെത്തി. കഥകളി പോലുള്ള ക്ഷേത്ര കലകളെ സമൂഹത്തിൻ്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്നത് ദിവംഗതനായ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ ചിരകാലാഭിലാഷമായിരുന്നു. ഇത്തരം കലാരൂപങ്ങളെയും, കലാസ്ഥാപനങ്ങളെയും ജനകീയവൽക്കരിക്കുക എന്നത് തൻ്റെ കടമയാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

കഥകളി പഠന ശിബിരത്തിൽ ഇത്തവണ പുതിയതായി ഉൾപ്പെടുത്തിയ ഓട്ടൻ തുള്ളൽ കളരിയിലെ ദേവ തീർത്ഥ പ്രഭാകർ, പുണ്യ പ്രഭാകർ എന്നീ വിദ്യാർത്ഥിനികൾ ഈ ആഗ്രഹ സഫലീകരണത്തിൻ്റെ സമൂർത്ത മാതൃകകളാവുകയാണ്. മാനന്തവാടി സ്വദേശികളായ ഇവർ വയനാട്ടിലെ കൂമർ എന്ന ആദിവാസി സമൂഹത്തിലെ അംഗങ്ങളാണ്. രണ്ടുപേരും പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ ശേഷം എൻട്രൻസ് പരിശീലനം നടത്തി വരികയാണ്. കണ്ണൂരിൽ ജയിൽ സൂപ്രണ്ടായി ജോലി ചെയ്തു വരുന്ന ടി.എ.പ്രഭാകരൻ , നിർമ്മലാ പ്രഭാകരൻ ദമ്പതികളുടെ മക്കളായ ഇവരോടൊപ്പം കൊളത്തൂർ ജി.എച്ച്.എസ്.എസ് കല അധ്യാപിക  ബിജിയും തുള്ളൽ കളരിയിൽ പരിശീലനം നടത്തി വരുന്നു.

പ്രശസ്തനായ ഓട്ടൻ തുള്ളൽ കലാകാരൻ പ്രഭാകരൻ പുന്നശ്ശേരിയുടെ ശിക്ഷണത്തിലാണ് ശിബിരത്തിൽ ഇവർ പരിശീലനം നടത്തുന്നത്. ശിബിര പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് മെയ് 13 ,14 തിയ്യതികളിൽ അരങ്ങേറുന്ന കലോത്സവത്തിൽ ഓട്ടൻ തുള്ളൽ അരംഗത്ത് അവതരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഈ വിദ്യാർത്ഥിനികൾ. ദിവസവും ചുരം കയറിയിറങ്ങി ശിബിരത്തിൽ പങ്കെടുത്തു വരുന്ന ഈ കുട്ടികൾ എല്ലാ കലാ പ്രവർത്തകർക്കും പ്രചോദനമായി മാറുകയാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *