കൊയിലാണ്ടിയിൽ തകരാറിലായ വൈദ്യുതി ബന്ധം ഇന്ന് ഭാഗികമായി പുനസ്ഥാപിക്കും

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഇടിമിന്നലും ശക്തമായ കാറ്റും, മഴയും, കനത്ത നാശനഷ്ടം ഉണ്ടാക്കി. വൈകീട്ട് ആറരയോടെയാണ് ഇടിമിന്നലോട്കൂടിയ മഴ പെയ്തത്. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ചു. കൊയിലാണ്ടി പട്ടണത്തിൽ വൈദ്യുതിബന്ധം ഇന്ന് രാവിലെ പുനസ്ഥാപിച്ചിട്ടുണ്ട്. മറ്റ് മേഖലകളിൽ തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. തിങ്കളാഴ്ചയോടെ മാത്രമേ പൂർണ്ണമായും തകരാറുകൾ തീർക്കാൻ കഴിയുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

പല സ്ഥലങ്ങളിലും ഫലവൃക്ഷങ്ങൾ കടപുഴകി. മഴയിൽ വിവാഹ വീടുകളിലും, ഗൃഹപ്രവേശ വീടുകളിലും ഉണ്ടാക്കിയ പന്തലുകൾ കാറ്റിൽ നിലംപൊത്തി. കൊയിലാണ്ടി മേഖലയിൽ ഇത്തവണ ആദ്യമായാണ് ഇത്ര ശക്തിയായ മഴ പെയ്യുന്നത്. റോഡുകൾ മഴവെള്ളത്തിൽ മുങ്ങി. തെങ്ങുകളും വൻ മരങ്ങളും കടപുഴകി വീണിറ്റുണ്ട്. പലയിടങ്ങളിലും ഗതാഗതം താറുമാറായിട്ടുണ്ട്.


വൈദ്യൂതി ബന്ധം തകരാറിലായതോടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ആളുകൾ ഏറെ പ്രയാസത്തിലായിരിക്കുകയാണ്. നിരവധി ഇലക്ട്രിക് പോസ്റ്റുകളാണ് നിലംപൊത്തിയിട്ടുള്ളത്. തകരാർ പരിഹരിക്കാൻ വൈദ്യുതി ബോർഡ് അധികൃതർ ഇന്നലെ വൈകീട്ട് തുടങ്ങിയ ശ്രമം ഇപ്പോഴും തുടരുകയാണ്.


