കട തുറക്കാൻ ആഹ്വാനം: വ്യാപാരി നേതാക്കൾ വീട്ടിൽ സുഖമായി കിടന്നുറങ്ങി.

കൊയിലാണ്ടി: പണിമുടക്ക് ദിവസം കട തുറക്കാൻ ആഹ്വാനം നൽകിയ കൊയിലാണ്ടിയിലെ വ്യാപാരി നേതാക്കൾ വീട്ടിൽ സുഖമായി കിടന്നുറങ്ങി. തുറക്കാൻ ഇറങ്ങിയ ഒരേയൊരു നേതാവിന് നായ്ക്കുരണ സമ്മാനമായും ലഭിച്ചു. അമർഷം ഉള്ളിലൊതുക്കിയ അണികളും മറ്റ് പ്രവർത്തകരും സംഘടനാ തീരുമാനം തള്ളി നാടിന്റെ ആവശ്യത്തിന് വേണ്ടി സമരത്തിനിറങ്ങിയ സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കടകൾ അടച്ചിട്ട് സമരത്തിൽ പങ്കാളികളായി. പിന്നീട് നായ്ക്കുരണ പ്രയോഗമോ?

സമരത്തിന് ഒരു ദിവസം മുമ്പായിരുന്നു കൊയിലാണ്ടിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികളുടെ അടിയന്തര യോഗം ചേർന്ന് ദേശീയ പണിമുടക്ക് ദിവസം കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് പത്രക്കുറിപ്പ് ഇറക്കിയത്. എല്ലാ മാധ്യമങ്ങളിലും വാർത്ത വരികയും ചെയ്തു. കൊയിലാണ്ടിയിലെ മുഴുവൻ വ്യാപാരി അംഗങ്ങളെയും സംഘടനാ തീരുമാനം അറിയിക്കുകയും ചെയ്തു. എന്നാൽ ഇന്ന് നേരം വെളുത്തപ്പോഴാണ് കട തുറക്കാൻ ആഹ്വാനം നൽകിയ നേതാക്കൾ വീട്ടിൽ നല്ല ഉറക്കത്തിലാണെന്ന് അണികൾക്ക് മനസിലായത്.


രാവിലെ കട തുറക്കാന് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഏതാനും ചില അംഗങ്ങൾ നേതാക്കളുടെ കടകളിലേക്കാണ് ആദ്യം പോയത്. അവരോട് ഞങ്ങൾ തുറക്കാൻ ഇറങ്ങിയതാണെന്നും എന്തങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടാകണമെന്നും അഭ്യർത്ഥിക്കാനും ആയിരുന്നു പോയത്. ആദ്യം പോയത് കോമത്തുകരയിലെ ഒരു നേതാവിന്റെ സ്ഥാപനത്തിലായിരുന്നു. എന്നാൽ 10 മണിവരെ കാത്തിരുന്നിട്ടും നേതാവിന്റെ കടയിലെ ഒരു തൊഴിലാളി പോലും സ്ഥലത്തെത്തിയിട്ടില്ല. തുടർന്ന് നേതാവിന്റെ മറ്റൊരു സ്ഥാപനമായ സിവിൽ സ്റ്റേഷനടുത്തുള്ള സ്ഥപനത്തിൽ പോയി നോക്കിയെങ്കിലും അവിടെയും അടഞ്ഞ് തന്നെ. എന്നാൽ നേതാവിനെ ഒന്ന് ഫോണിൽ വിളിച്ചു നോക്കാമെന്ന് കരുതി മൊബൈലിൽ വിളിച്ചു നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്. അദ്ധേഹം കുറച്ച് കാത്ത് നിന്ന് വീട്ടിലെ ലൈൻ ഫോണിൽ വിളിച്ചു നോക്കിയപ്പോഴാണ് വിവരം കിട്ടിയത് നേതാവ് നല്ല ഉറക്കത്തിലാണ്‌പോലും. പട്ടണത്തിലെ മറ്റ് വ്യാപാരി നേതാക്കളുടെ കളകളിൽ പോയപ്പോഴും എല്ലാം അടഞ്ഞ് തന്നെ കിടന്നു. എല്ലാവരും സുഖവാസത്തിൽ..


ഇതാണ് കൊയിലാണ്ടിയിലെ വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളുടെ പ്രഖ്യാപനവും പ്രവര്ത്തനവും രീതിയും. അണികളോട് ഒന്ന് പറയും പ്രവര്ത്തിക്കുന്നത് മറ്റൊരു രീതിയിൽ. പ്രവർത്തകസമിതി യോഗം കഴിഞ്ഞ് പത്രക്കുറിപ്പിൽ പേരെഴുതി ഒപ്പുവെച്ചവർ നിരവധി പേരാണ്. നല്ല ഒന്നാംതരം ലീഡർമാർ.. വ്യാപാരി ഭവനിൽ വെച്ച് ചേർന്ന യോഗത്തിൽ കെ. പി. ശ്രീധരനാണ് അദ്ധ്യക്ഷത വഹിച്ചത്. കെ.എം. രാജീവൻ, ഷറഫുദീൻ, ടി.പി. ഇസ്മായിൽ, ഷീബാ ശിവാനന്ദൻ, ഇ.പി. മോളി, സുധാ മാധവൻ, സി കെ. ലാലു, ഷബീർ, ശശീന്ദ്രൻ എന്നീ നേതാക്കളും പ്രഖ്യാപനം നടത്തി.


എന്തായാലും ആഹ്വാനം നൽകിയ ഒരു നേതാവിന് നല്ല എട്ടിന്റെ പണി കിട്ടി. രാവിലെ ക്ഷേത്രത്തിൽ പോയി തൊഴുത് കട തുറന്ന് തന്റെ പൂജാ സ്റ്റോഴ്‌സിലെ സകല ദൈവത്തിന്റെ മുമ്പിൽ വിളക്ക് കത്തിച്ച് തിരിഞ്ഞ് നോക്കുമ്പോഴേക്കു ലോട്ടറി അടിച്ചപോലെയല്ലെ കിട്ടിയത് സമ്മാനം.. നല്ല അസ്സൽ നായ്ക്കുരണ. ഐശ്വര്യം വന്നപോലെ മുഖത്ത് തന്നെ വന്ന് പതിച്ചു. ഈ നായ്ക്കുരണ കേരളത്തിൽ തന്നെ ഉണ്ടാക്കിയതാണോ എന്ന് സംശയം.. കാരണം നല്ല ഗുണമേന്മയുള്ള പൊടിയാണെന്നാണ് അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ നിന്ന് മനസിലായത്. ഇത് കിട്ടിയതോ കട തുറക്കാൻ ആഹ്വാനം ചെയ്ത യോഗത്തിലെ പരമോന്നത അദ്ധ്യക്ഷനും. ഇന്ന് അദ്ധേഹം ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ശീതളച്ഛായയിൽ കിടന്ന് ഉറങ്ങാൻ പറ്റുമെന്ന്. നായ്ക്കുരണ പ്രയോഗത്തിൽ വ്യാപാരികൾ തമ്മിലുള്ള കുടിപ്പകയാണെന്ന ആരോപണവും ഇതിനകം ഉയർന്ന് കഴിഞ്ഞിട്ടുണ്ട്.

ഇത് ഇന്ന് തുടങ്ങിയതല്ല. സംസ്ഥാനത്തെ മുഖ്യധാര രാ്ട്രീയ പാർട്ടികളും സംഘടനകളും ഹർത്താൽ ആഹ്വാനം ചെയ്യുമ്പോൾ ഇവിടുത്തെ ഏകോപനസമിതിയിലെ ചില രാഷ്ട്രീയ വിരുദ്ധർ അടിയന്തര യോഗം ചേർന്ന് ഒരു തീരുമാനം അങ്ങ് എടുക്കും നാളത്തെ സമരത്തിൽ ഞങ്ങൾ സഹകരിക്കില്ല എന്നും. കടകൾ തുറന്ന് ജനസേവനം ചെയ്യുമെന്നും എന്നിട്ട് വീട്ടിൽ സുഖമായി കിടന്നുറങ്ങും. കഴിഞ്ഞ ദിവസം യു. രാജീവൻ മാസ്റ്ററുടെ മരണത്തെ തുടർന്ന് ഹർത്താൽ ആഹ്വാനം ചെയ്‌തെങ്കിലും 90 ശതമാനം നേതാക്കളും കടകൾ തുറന്നിട്ടത് ചർച്ചയായിരുന്നു. അടക്കാൻ പറഞ്ഞാൽ തുറക്കും, തുറക്കാൻ പറഞ്ഞൽ അടയ്ക്കും അതാണ് ഞങ്ങളുടെ ശൈലി. അണികളെ ആവേശം കൊള്ളിക്കാനുള്ള ആഹ്വാനമായിരുന്നു ഇതെങ്കിൽ എന്തിനായിരുന്നു ഒരു പാവത്തിനെ കുരുതി കൊടുത്തതെന്നതും അണികളെ പറ്റിക്കാനുള്ള വ്യഗ്രതയും ചില രാഷ്ട്രീയ പാർട്ടികളോടുള്ള ഏകോപനസമിതിയിലെ ചിലരുടെ എതിർപ്പും ഗ്രൂപ്പ് പ്രവർത്തനവും സംഘടനയുടെ നാശം എന്നേ ഒർമ്മിപ്പിക്കാനുള്ളൂ എന്നാണ് അണികളിൽ ചിലർ പറയുന്നത്.

