പയ്യോളിയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് മാഫിയ

പയ്യോളി: പയ്യോളിയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് മാഫിയ പിടിമുറുക്കി കൊണ്ടിരിക്കുന്നതിനെതിരെ വനിതകളെ അണിനിരത്തികൊണ്ടു ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരുങ്ങുകയാണ് പുൽക്കൊടികൂട്ടം സാംസ്കാരികവേദി പ്രവർത്തകർ. ഇതിന്റെ ഭാഗമായി നൂറുകണക്കിന് സ്ത്രീകൾ പങ്കെടുപ്പിച്ചുകൊണ്ട് പയ്യോളി ടൗണിൽ മയക്കുമരുന്ന് വിരുദ്ധ ഒത്തുചേരൽ സംഘടിപ്പിച്ചു. സാമുഹ്യ മാദ്ധ്യമങ്ങൾ വഴിയാണ് മയക്ക് മരുന്ന് ഇടപാടുകൾ നടക്കുന്നത്. പയ്യോളിയിലെ പ്രാന്തപ്രദേശങ്ങളാണ് ലഹരിമാഫിയയുടെ ലക്ഷ്യം. ഇത്തരം മയക്കുമരുന്ന് സ്പോട്ടുകൾ ദിവസങ്ങൾ കൊണ്ട് മാറുന്നതിനാൽ ഇവയെ ഉന്നം വെക്കാൻ പൊലീസ് എക്സൈസ് ഡിപ്പാർട്ട്മെന്റുകൾക്ക് കഴിയാതെയും പോകുന്നു. പയ്യോളിയിലെ ഒരു ബേക്കറി ഉടമയെ മാരക മയക്കുമരുന്നായ എം ഡി.എം.എ.യുമായി അറസ്റ്റ് ചെയ്തിരുന്നു.

മയക്കുമരുന്നു കേസുകളിൽ ഉയർന്ന തലത്തിലുള്ള അന്വേഷണം നടത്തണെമന്നും കേസിൽ കണ്ണികളായവർ വലിയ സ്വാധീ നം ഉള്ളവർ ആയതിനാൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടികളാണ് ഉണ്ടാവാറുള്ളതെന്നുമാണ് ഇവരുടെ അഭിപ്രായം. സ്ത്രീകളെ അണിനിരത്തി ക്കൊണ്ടുള്ള മയക്കുമരുന്ന് വിരുദ്ധ ആസ്ഥാനങ്ങൾ സ്ഥാപിച്ച് ലഹരി മാഫിയയ്ക്കെതിരെ സംഘടനയുടെ നേതൃത്വത്തിൽ പ്രതിരോധം തീർക്കും.


പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ ചെയർമാൻ ഷെഫീഖ് വടക്കയിൽ നിർവഹിച്ചു. ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തു. പയ്യോളി പൊലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു, മാർഗ്ഗദർശക പ്രഭാഷണം നടത്തി. ഡോ. രാഗേഷ് കുമാർ ക്ലാസെടുത്തു. നിതീഷ് മരിച്ചാലിൽ, ശ്രീകല ശ്രീനിവാസൻ, ഗീത പ്രകാശൻ, എന്നിവർ സംസാരിച്ചു. ടി.കെ. രാജൻ, പവിത്രൻ ചാലിൽ, ശ്രീനിവാസൻ മരിച്ചാലിൽ, അംബിക ഗിരി വാസൻ, വി.എം. സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു.


