KOYILANDY DIARY.COM

The Perfect News Portal

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. പുലര്‍ച്ചെ ആണ് സംഭവം. വീട്ടുടമസ്ഥന്‍ ബേബിേ എന്ന പ്രതാപന്‍(62), ഭാര്യ ഷെര്‍ലി(53), ഇവരുടെ മകന്‍ അഖില്‍(25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി(24), നിഖിലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് എന്നിവര്‍ ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകന്‍ നിഖിലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാര്‍പോര്‍ച്ചില്‍ തീ ആളിക്കത്തുന്നത് കണ്ട അയല്‍വാസിയായ കെ. ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകള്‍ എത്തുമ്ബോഴേക്കും വീടിനുള്ളിലേക്ക് തീ പടര്‍ന്നു പിടിച്ചിരുന്നു. കാര്‍ പോര്‍ച്ചിലുണ്ടായിരുന്ന നാല് ബൈക്കുകള്‍ കത്തിയിട്ടുണ്ട്.

തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ എത്തിയ ഫയര്‍ ഫോഴ്സും പൊലീസും ചേര്‍ന്ന് തീയണച്ചു. തീ പടരുന്നതിനിടെ പൊള്ളലേറ്റ നിലയില്‍ നിഖില്‍ പുറത്തേക്ക് വന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. നിലവിളിച്ച്‌ ബഹളം ഉണ്ടാക്കിയിട്ടും വീട്ടിലുള്ള മറ്റുള്ളവര്‍ പുറത്തിറങ്ങിയില്ല. വീടിൻ്റെ ​ഗേറ്റ് ഉള്ളില്‍ നിന്നും പൂട്ടിയിരുന്നതിനാല്‍ നാട്ടുകാര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല. മാത്രവുമല്ല വളർത്തുനായ ഉളളതും നാട്ടുകാരുടെ രക്ഷാ പ്രവര്‍ത്തനം വൈകാനിടയായി. ഫയര്‍ഫോഴ്സും പൊലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്തേക്കെടുക്കുമ്ബോഴേക്കും അഞ്ചു പേരുടേയും മരണം സംഭവിച്ചിരുന്നു. ​ഗുരുതരമായി പൊളളലേറ്റ നിഖിലിനെ ന​ഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വര്‍ക്കല പുത്തന്‍ ചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപന്‍. പ്രതാപന് മൂന്ന് ആണ്‍ മക്കളാണ് ഉള്ളത്. ഇതില്‍ ഒരു മകന്‍ ബിസിനസ് ആവശ്യത്തിനായി മുംബൈയിലായിരുന്നു. വന്‍ ദുരന്തം ഉണ്ടായതോടെ റൂറല്‍ എസ് പി ദിവ്യ ​ഗോപിനാഥ് അടക്കം സംഭവ സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. എല്ലാ മുറികളിലും എസിയും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റുമോര്‍ട്ടവും നടത്തിയശേഷമാകും സംസ്കാരം. ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലുള്ള നിഖിലില്‍ നിന്ന് മൊഴി എടുത്താല്‍ മാത്രമേ എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തത വരികയുള്ളൂ.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *