പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു
മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. രണ്ടാഴ്‌ചയായി അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സഹോദരങ്ങളാണ്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറും നിരവധി മഹല്ലുകളുടെ ഖാദിയുമാണ് പാണക്കാട് ഹൈദരലി തങ്ങൾ എന്ന സൗമ്യ സാന്നിധ്യം. സംസ്ഥാനത്തിനകത്തും പുറത്തും ആയിരങ്ങളുടെ രാഷ്്ട്രീയ, സാമുദായിക, ആത്മീയ നേതൃസ്ഥാനം അലങ്കരിച്ച തങ്ങൾ ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഞായറാഴ്ച ഉച്ച 12.30ഓടെയായിരുന്നു.

2009ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷെൻറ പദവിയിലെത്തിയത്. പാണക്കാട് തങ്ങൾ കുടുംബം മുസ്ലിം ലീഗിൻറെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുക എന്ന കീഴ്വഴക്കമനുസരിച്ചായിരുന്നു സ്ഥാനാരോഹണം. 1990 മുതല്‍ മുസ്ലിംലീഗ് ജില്ല പ്രസിഡൻറായിരുന്നു. ശിഹാബ് തങ്ങള്‍ ലീഗ് സംസ്ഥാന അധ്യക്ഷനായതോടയാണ് ജില്ല ലീഗ് നേതൃത്വത്തിൽ ഹൈദരലി തങ്ങൾ അവരോധിതനായത്.


