തിക്കോടി നടയകത്ത് തോട് നവീകരണ പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ ജമീല നിർവ്വഹിച്ചു
കൊയിലാണ്ടി: ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്തും, പുറക്കാട് നടയകം പാടശേഖര സമിതിയും കൃഷി വകുപ്പുമായി യോജിച്ചു തിക്കോടി പഞ്ചായത്തിലെ പുറക്കാട് നടയകം വയലുകളിൽ രണ്ടര പതിറ്റാണ്ടിന് ശേഷം നെൽകൃഷിക്ക് തുടക്കമിട്ടിരിക്കുകയാണ്. കൂടുതൽ കൃഷി ഭൂമി വീണ്ടെടുക്കാനും നെൽകൃഷി സുഗമമാക്കാനും നാമാവശേഷമായിത്തീർന്ന തോട് നവീകരിക്കണമെന്നുള്ളത് കർഷകരുടെ ദീർഘ നാളത്തെ ആവശ്യമായിരുന്നു. നടയകം വയലുകളിൽ അധിക ജലം പരന്നൊഴുകുന്നതും തുടർന്ന് കൃഷി നശിക്കുന്നതും വ്യാപകമായിരുന്നു. കൃഷിയിടങ്ങളിൽ നിന്നു കർഷകർ കൊഴിഞ്ഞുപോയതിന്റെയും കാരണം അധിക ജലം സംഭരിക്കാനുള്ള തോടിന്റെ അഭാവമായിരുന്നു.

കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷൻ കാർഷിക രംഗത്ത് പുതുതായി അവതരിപ്പിച്ച ആധുനിക യന്ത്രം ഡ്രഡ്ജ് ക്രാഫ്റ്റ് തോട് നവീകരണ പ്രവർത്തനത്തിനായി തിക്കോടി പഞ്ചായത്തിന് വിട്ടു നൽകിയതോടെ കർഷകരുടെ ദീർഘ നാളത്തെ ആവശ്യമാണ് പരിഹരിക്കപ്പെട്ടിരിക്കുന്നത്. ഡ്രഡ്ജ് ക്രാഫ്റ്റിനെ കേവലമൊരു യന്ത്രമെന്നതിലുപരി, തിക്കോടിയുടെ കാർഷിക ചരിത്രം തന്നെ മാറ്റിയെഴുതാനുള്ള നിയോഗമേറ്റെടുക്കാൻ നിയുക്തമായ യന്ത്രവൽകൃത കൃഷിരീതിയുടെ പര്യായമായി വേണം കരുതാൻ.ചാക്കരത്തോട് മുതൽ അച്ചംവീടു നട വരെയുള്ള തോട് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം എൽ എ ഡ്രഡ്ജ് ക്രാഫ്റ്റ് സ്വിച്ച് ഓൺ ചെയ്തു കൊണ്ട് നിർവഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു.


മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലൻ നായർ വിശിഷ്ടാതിഥിയായിരുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൽ, മേലടി ബ്ളോക് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്, തിക്കോടി പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മാരായ പ്രനില സത്യൻ, ആർ വിശ്വൻ, കെപി ഷക്കീല, വാർഡ് മെമ്പർമാരായ, ദിബിഷ, കോഴിക്കോട് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ശശി പൊന്നാണ, തിക്കോടി പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കളത്തിൽ ബിജു, കൃഷി അസി. ഡയറക്ടർ അനിത, തിക്കോടി കൃഷി ഓഫീസർ ഡോണ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ, , എടവന കണ്ടി ശശി,എടവനക്കണ്ടി രവീന്ദ്രൻ, വിവി അബ്ദുൽ ജബ്ബാർ, എന്നിവർ സംസാരിച്ചു. തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതം പറഞ്ഞ യോഗത്തിൽ പാടശേഖര സമിതി പ്രസിഡണ്ട് ആയടുത്തിൽ നാരായണൻ നന്ദി രേഖപ്പെടുത്തി.


