വിജിഷയുടെ മരണം-ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആക്ഷൻ കമ്മിറ്റി

ആക്ഷൻ കമ്മിറ്റി കൺവീനർ കെ.എം. ജോഷി പറയുന്നത് ഇങ്ങനെ വീഡിയോ കാണാം..
കൊയിലാണ്ടി: ചേലിയ മലയിൽ വിജിഷയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഇന്ന് തന്നെ ഇത് സംബന്ധിച്ച നിവേദനം കൈമാറുമെന്നും, എം.എൽ.എ. മുഖാന്തരം മുഖ്യമന്ത്രിക്കും മറ്റ് വകുപ്പ് മേധാവികൾക്കും കത്തയക്കാൻ തീരുമാനിച്ചതായും ആക്ഷൻ കമ്മിറ്റി അറിയിച്ചു. കൊയിലാണ്ടിയിലെ സ്വകാര്യ മൊബൈൽ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ചേലിയ സ്വദേശിനിയായ മലയിൽ വിജിഷ ഓൺലൈൻ തട്ടിപ്പിനിരയായതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നും, അത് തെളിയിക്കപ്പെടണമെങ്കിൽ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്നുമാണ് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം. അതിനിടെ കേസന്വേഷണം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ ഹരിദാസിന് കൈമാറാൻ വകുപ്പ് തലത്തിൽ നീക്കം നടക്കുന്നതായുള്ള വിവരം കൊയിലാണ്ടി ഡയറിക്ക് ലഭിച്ചിട്ടുണ്ട്.


വിജിഷ മരിച്ചിട്ട് രണ്ടു മാസമായിട്ടും അന്വേഷണം എവിടെയുമെത്താത്തതിനു കാരണം ഓൺലൈൻ തട്ടിപ്പുകൾ അന്വേഷിക്കാനുള്ള സൗകര്യം ലോക്കൽ പോലീസിനില്ല എന്നതുകൊണ്ടാണെന്നാണ് അറിയുന്നത്. മരണത്തിന് തൊട്ടുമുമ്പ് വിജിഷയുടെ ഫോണിലേക്ക് വന്ന കോളുകൾ ആയിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതന്നും. പതിവുപോലെ ഓഫീസിലേക്ക് പുറപ്പെട്ട വിജിഷ പെട്ടെന്ന് തന്നെ തിരിച്ചു വന്ന് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ഭാരവാഹികൾ പറഞ്ഞു.


ചേലിയയിലും പരിസര പ്രദേശങ്ങളിലും വിവിധ അനധികൃത ഓൺലൈൻ പണമിടപാടുകൾ നടന്നുകൊണ്ടിരിക്കുന്നതായി അറിയുന്നതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വിജിഷയെ പോലെ ഒട്ടനവധി പേർ ഇതിന് ഇരയാകുന്നതായും വാർത്തയുണ്ട്. മറ്റൊരു ദുരന്തം കൂടി ഉണ്ടാകാതിരിക്കാൻ അന്വേഷണം ശക്തമാക്കുകയും ജനങ്ങളെ ഇത്തരം ചതിക്കുഴികളെ കുറിച്ച് ബോധവാന്മാരാക്കേണ്ടതുമുണ്ട്. പോലീസ് ഡിപ്പാർട്ടുമെൻ്റും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും അതിനായി ഉണർന്നു പ്രവർത്തിക്കണമെന്നും ആക്ഷൻ കമ്മിറ്റി അഭ്യർഥിച്ചു.


ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ടും ആക്ഷൻ കമ്മിറ്റി അദ്ധ്യക്ഷയുമായ ഷീബാ മലയിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ എം മജു, ടി കെ മജീദ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, കെ എം ജോഷി (ആക്ഷൻ കമ്മറ്റി കൺവീനർ), മലയിൽ ഭാസ്കരൻ, ടി പി സത്യൻ, രജീഷ് കൊണ്ടോത്ത്, പ്രകാശൻ സി കെ, സജീഷ് പറയൻ കുഴി, പ്രനീത എം എം, അമിത, വിജയരാഘവൻ ചേലിയ എന്നിവർ പങ്കെടുത്തു.

