കോവിഡ് ഞായറാഴ്ച നിയന്ത്രണം പൂവിപണിയെ ബാധിച്ചു
കൊയിലാണ്ടി: കോവിഡ് നിയന്ത്രണം പൂവിപണിയെ ബാധിച്ചു. കോവിഡ് വ്യാപന പാശ്ചാത്തലത്തിൽ ഞായറാഴ്ചകളിലെ കർശന നിയന്ത്രണം വിവാഹ പാർട്ടികളെ ലക്ഷ്യം വെച്ച് പൂ കച്ചവടം നടത്തുന്ന നിരവധി പേരെയാണ് ബാധിച്ചത്. നേരം 12 മണിയോടടുത്തിട്ടും വൻ വിലകൊടുത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച മുല്ല പൂവുകളാണ് വാങ്ങാനാളില്ലാതെ ചുട്ടുപൊള്ളുന്ന ചൂടിൽ വാടി കരിയുന്നത്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിലും വിവാഹങ്ങൾ പതിവ് പോലെ നടക്കുന്നുണ്ട്. എന്നാൽ കർശന നിയന്ത്രണം ഉള്ളത് കൊണ്ട് വിവാഹ ദിവസം വീട്ടുകാരും തൊട്ടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുന്നത്. അതോടെ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറഞ്ഞതും പൂ വിപണിയെ തകർത്തിരിക്കുകയാണ്.

ഇതര സംസ്ഥാനത്ത് നിന്ന് ഇവിടെ വാടകക്ക് വീടെടുത്ത് താമസിക്കുന്ന നിരവധി പേരാണ് കൊയിലാണ്ടിയിൽ പൂക്കച്ചവടം നടത്തുന്നത്. തദ്ദേശീയരായ നിരവധിയാളുകളാണ് ഇ മേഖലയി പ്രവർത്തിക്കുന്നത് എല്ലാവരും വലിയ പ്രപതിസന്ധിയാണ് നേരിടുന്നത്. ഒരു മുളം മുല്ലപ്പൂവിന്80 രൂപവരെ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ വിപണി വില 30 രൂപയാണുള്ളത്. എന്നാൽ അതുംവാങ്ങിക്കാൻ ആളെത്താത്തതാണ് ഇവരുടെ ജീവിതത്തിന് മങ്ങലേൽപ്പിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന പാശ്ചാത്തലത്തിൽ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഫോട്ടോ. ബൈജു എപീസ്.


