KOYILANDY DIARY

The Perfect News Portal

തോക്ക് ചൂണ്ടി തട്ടികൊണ്ട് പോയപ്രവാസിയെ പരുക്കുകളോടെ കണ്ടെത്തി

കൊയിലാണ്ടി: വീട്ടിൽ വെച്ച് പ്രവാസിയായ യുവാവിനെ തോക്ക് ചൂണ്ടി തട്ടികൊണ്ടു പോയ സംഭവത്തിൽ കേസന്വേഷണം ഊർജിതമായി നടക്കുന്നതിനിടയിൽ ഇന്നലെ അർധരാത്രിയോടെ ഇയാളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാത്തമംഗലത്ത് ചെത്ത് കടവ് മരമില്ലിനു സമീപമാണ് യുവാവിനെ കണ്ടെത്തിയത്. അസമയത്ത് വെളിച്ചം കണ്ട പരിസരവാസികൾ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് പോലീസെത്തി മെഡിക്കൽ കോളജ് ആശുപത്രിയിലെക്ക് മാറ്റി. ശരീരത്തിൽ പരിക്കുകളുണ്ട്. ഇടത് കാലിൻ്റെ എല്ലിന് പൊട്ടലുണ്ട്. ശരീരത്തിൽ മററ് പല ഭാഗങ്ങളിലും ബ്ലേഡ്കൊണ്ട് മുറിവേൽപ്പിച്ചിട്ടുണ്ട്. കുന്നമംഗലം പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഊരള്ളൂർ മാതോത്ത് അഷറഫ് (37) നെയാണ് കാറിൽ എത്തിയ സംഘം ചെവ്വാഴ്ച രാവിലെ തട്ടികൊണ്ട് പോയത്. യുവാവ് കഴിഞ്ഞ മാസമാണ് സൗദിയിൽ നിന്നും നാട്ടിലെത്തിയത്. നാട്ടിലെത്തിയ ഇയാളെ തേടി നിരവധി പേർ എത്തിയതായി പറയുന്നു. സ്വർണ്ണ കരിയറായി പ്രവർത്തിക്കുന്ന ആളാണ് ഇയാളെന്ന് പോലീസ് സംശയിക്കുന്നു. ഇയാളുടെ കൈവശം സ്വർണ്ണം ഉണ്ടായിരുന്നതായി പറയുന്നു. സംഭവത്തിൽ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തിനെയാണ് സംശയം. റുറൽ എസ്.പിയുടെ നിർദ്ദേശപ്രകാരം വടകര ഡി.വൈ.എസ്.പി.അബ്ദുൾ ഷെരീഫ്, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ആർ. ഹരിദാസ്, കൊയിലാണ്ടി സി.ഐ. സുനിൽകുമാർ തുടങ്ങിയവർക്കാണ് അന്വേഷണ ചുമതല. അഷറഫിൻ്റെ അനുജൻ സിദ്ദീഖിൻ്റെ പരാതിയിലാണ് പോലീസ് കേസന്വേഷണം നടക്കുന്നത്.

സമീപത്തെ വീടുകളിലെയും മറ്റും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലിസിന് അക്രമികൾ വന്ന കാറിൻ്റെ നമ്പർ വ്യാജമായിരുന്നെന്ന് മനസിലായി. തട്ടികൊണ്ട് പോയ അഷറഫ് നിരവധി തവണ വിദേശത്ത് നിന്ന് കരിയറായി സ്വർണ്ണം എത്തിച്ചതായാണ് പറയുന്നത്. ഇത്തവണ കൊണ്ടുവന്ന സ്വർണ്ണം കൊടുക്കാത്തതാണ് തട്ടി കൊണ്ടു പോകലിന് പിന്നിലെന്ന് സൂചന. വിശദമായ അന്വേഷണം അഷറഫിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാചാർജ് ചെയ്തതിനു ശേഷമായിരിക്കും ഉണ്ടാകുക. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ആർ. ഹരിദാസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്. അഷറഫിനെ ഇന്ന് തന്നെ കോഴിക്കോട് നിന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. ആരോഗ്യ നിലയെപറ്റി ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ചശേഷം ചോദ്യംചെയ്യൽ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നാണ് അറിയുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *