KOYILANDY DIARY.COM

The Perfect News Portal

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032 കോടി; കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുടെ സമ​ഗ്ര വികസനത്തിനായി ബജറ്റിൽ 1032.62 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സ്‌കൂളുകളുടേയും അധ്യാപകരുടേയും പ്രവര്‍ത്തന മികവ് വിലയിരുത്തുമെന്നും സ്കൂളുകളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തുമെന്നും മന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. ഒരു ജില്ലയിലെ ഒരു സ്‌കൂളിനെ മോഡല്‍ സ്‌കൂളായി ഉയര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ 10 കോടി രൂപ വകയിരുത്തി. സാങ്കേതിക വിദ്യകൾക്ക് ലോകത്തിന് അനുസൃതമായ നൈപുണ്യം കൈവരിക്കുന്നതിനുള്ള പദ്ധതികള്‍ക്കായി 27.5 കോടി, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ 5.15 കോടി, പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പദ്ധതിക്കായി 14.8 കോടി, സ്‌കൂളുകളുടെ ആധുനികവത്കരണത്തിന് 33 കോടി എന്നിങ്ങനെയും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. 

 

സ്‌കൂളുകളുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ആറ് മാസത്തിലൊരിക്കല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. എഐ സാങ്കേതിക വിദ്യയും ഡീപ്‌ഫെയ്ക്കും അടക്കമുള്ള വെല്ലുവിളികള്‍ നേരിടാന്‍ പുതുതലമുറയെ സജ്ജമാക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പിന് ഒരു കോടി രൂപ നീക്കിവെച്ചുവെന്നും ധനമന്ത്രി പറഞ്ഞു. കൈറ്റ് പദ്ധതികൾക്കായി 38.5 കോടിയും വകയിരുത്തി. 

Advertisements

 

സൗജന്യ സ്കൂൾ യൂണിഫോം വിതരണത്തിന് 155.34 കോടിയും അനുവദിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 352.14 കോടിയും ഹയർസെക്കൻഡറി വിഭാഗത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് 75.2 കോടിയും വൊക്കേഷണൽ ഹയർസെക്കൻഡറി മേഖലയ്ക്ക് 13 കോടിയും അനുവദിച്ചു. 52 കോടി രൂപ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ്. സ്‌കൂള്‍കുട്ടികളുടെ സൗജന്യയൂണിഫോം വിതരണത്തിന് 185.34 കോടി രൂപ അനുവദിച്ചു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 15.34 കോടി രൂപ അധികമാണ്. ഭൗതിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ ധനസഹായം നല്‍കുന്നതിന് 50 കോടി രൂപയും നീക്കിവെച്ചതായി മന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി 456 കോടിയും അനുവദിച്ചു.

Share news