മാധ്യമ പ്രവർത്തകനെതിരെ കേസെടുത്ത പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം
കൊയിലാണ്ടി മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തതിൽ വ്യാപക പ്രതിഷേധം. ഇന്നലെയാണ് കൊയിലാണ്ടിയിലെ സീനിയർ ഫോട്ടോഗ്രാഫറും മാധ്യമ പ്രവർത്തകനുമായ ബൈജു എംപീസിനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തത്. ഓഫീസ് തുറന്ന് വെച്ചു എന്ന കുറ്റം ചുമത്തിയാണ് പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തതെന്ന് ബൈജു പറഞ്ഞു. സിഐ സന്ദീപിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത്. ഇതിനെതിരെ ഇന്നലെ മാധ്യമ പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചിരുന്നു. വാർത്ത പുറത്തുവന്ന ഉടനെ പൊതുസമൂഹത്തിനിടയിൽ നിന്ന് പോലീസിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. സമൂഹ്യ മാധ്യമങ്ങളിലും പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സിപിഐ(എം)

സംഭവത്തിൽ സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയും ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു. കൊയിലാണ്ടിയിലെ ജനകീയനായ മാധ്യമ പ്രവർത്തകനെതിരെ കേസെടുത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ഏരിയാ കമ്മിറ്റി പ്രസ്തവനയിലൂടെ അറിയിച്ചു. കോവിഡ് കാലഘട്ടത്തിൽ ഇത്തരം പ്രവർത്തനം തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുകയെന്ന് കമ്മറ്റി വ്യക്തമാക്കി.

ഡി.വൈ.എഫ്.ഐ

ബൈജു എംപീസിനെതിരെ കേസെടുത്ത നടപടിയിൽ ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു. കൊയിലാണ്ടിയിൽ സജീവമായി മാധ്യമ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് ബൈജു എംപീസ്. ഇയാൾക്കെതിരെ കേസെടുത്ത നടപടി ധിക്കാരപരമാണെന്ന് സെക്രട്ടറി ബി.പി. ബബീഷ് വ്യക്തമാക്കി. നടപടി പിൻവലിക്കണമെന്നും ബബീഷ് കൂട്ടിച്ചേർത്തു. കോവിഡ് മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന പൊതു സമൂഹത്തിന് അങ്ങേയറ്റത്തെ നാണക്കേടാണ് സംഭവം ഉണ്ടാക്കിയതെന്ന് അദ്ധേഹം വ്യക്തമാക്കി.

ബി.ജെപി.
കൊയിലാണ്ടിയിലെ സീനിയർ ഫോട്ടോ ഗ്രാഫറും മാധ്യമ പ്രവർത്തകനുമായ ബൈജു എംപീസിനെതിരെ കേസെടുത്ത കൊയിലാണ്ടി സി.ഐ. സന്ദീപിൻ്റെ നടപടി പിൻവലിക്കണമെന്ന് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. സംഭവത്തിൽ മണ്ഡലം കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. ബിജെ.പി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. വി. സത്യൻ, വി.കെ. പദ്മനാഭൻ, വായനാരി വിനോദ്, മണ്ഡലം പ്രസിഡണ്ട് എസ്.ആർ. ജയ്കിഷ് എന്നിവരും പ്രതിഷേധിച്ചു.

സി.പിഐ.യും രംഗത്ത്
മുതിർന്ന മാധ്യമപ്രവർത്തകനെതിരെ നടപടിയെടുത്ത കൊയിലാണ്ടി പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സി.പി.ഐ. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്കെതിരെ പോലീസ് തന്നെ നടപടിയുമായി നീങ്ങിയത് കൂട്ടായ കോവിഡ് പ്രതിരോധത്തെ തകർക്കുമെന്ന് മണ്ഡലം സെക്രട്ടരി ഇ.കെ. അജിത്ത് വ്യക്തമാക്കി. നടപടി പിൻവലിക്കണമെന്നും അദ്ധേഹം പറഞ്ഞു.
ജനതാദൾ (എസ്)
മുതിർന്ന മാധ്യമ പ്രവർത്തകനെതിരെ കൊയിലാണ്ടി പോലീസ് സ്വീകരിച്ച നടപടി പിൻവലിക്കണമെന്ന് ജനതാദൾ (എസ്) കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തിൽ പ്രസിഡണ്ട് സുരേഷ് മേലേപ്പുറത്ത് അദ്ധ്യക്ഷതവഹിച്ചു.
യൂത്ത് കോൺഗ്രസ്സും, യുവമോർച്ചയും പ്രതിഷേധിച്ചു
മാധ്യമ പ്രവർത്തകനെതിരെ പോലീസ് സ്വീകരിച്ച നടപടി ആപക്വമായിപ്പോയെന്ന് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. കൊയിലാണ്ടിക്കാർക്ക് ഏറെ സ്വീകാര്യനും, നിറസാന്നിദ്ധ്യവും, ജനകീയനുമായ മാധ്യമ പ്രവർത്തകനാണ് ബൈജു എംപീസ്. അദ്ധേഹത്തിനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യുവമോർച്ച
ബൈജു എംപീസിനെതിരെ പോലീസ് സ്വീകരിച്ച നടപടിയിൽ യുവമോർച്ച നേതാക്കൾ ശക്തമായി പ്രതിഷേധിച്ചു. മാധ്യമ പ്രവർത്തകനെതിരെ കേസെടുത്ത നടപടി ഉടൻ പിൻവലിക്കണമെന്ന് നേതാക്കൾ പറഞ്ഞു. ജില്ലാ സെക്രട്ടറി അതുൽ പെരുവട്ടൂർ, മണ്ഡലം പ്രസിഡണ്ട് അഭിൻ അശോക് എന്നിവരും പ്രതിഷേധം രേഖപ്പെടുത്തി.

