KOYILANDY DIARY

The Perfect News Portal

1000 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്ന് മന്ത്രി എം.എം. മണി

മാവൂര്‍: ജലവൈദ്യുത പദ്ധതികള്‍ക്കിനി സാധ്യത കുറഞ്ഞതിനാല്‍ 1000 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു.
ചൂലൂര്‍ എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ നിര്‍മിച്ച ഒരു മെഗാവാട്ട് വൈദ്യുതപദ്ധതിയുടെ ഉദ്ഘാടനംനിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

നിലവില്‍ കേരളത്തിന് ആവശ്യമുള്ളതിന്റെ മുപ്പതു ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ജലവൈദ്യുതിയേക്കാള്‍ വന്‍ചെലവേറിയതാണ് സൗരോര്‍ജവൈദ്യുതി. എങ്കിലും ഈ വഴിക്ക് ചിന്തിച്ചാലേ നമുക്ക് പൂര്‍ണമായും വൈദ്യുതി ലഭ്യമാകൂ. ജലവൈദ്യുതിയെപ്പറ്റി ചിന്തിക്കുമ്ബോഴേക്കും വിവിധ ഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുയരുന്നതാണ് സോളാറിനെപ്പറ്റി ആലോചിക്കാന്‍ കാരണമെന്ന് മന്ത്രി വിശദീകരിച്ചു. 7.8 കോടി രൂപ ചെലവഴിച്ചാണ് എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ സോളാര്‍ വൈദ്യുതപദ്ധതി സ്ഥാപിച്ചത്. പകല്‍സമയങ്ങളില്‍ ആവശ്യമായ വൈദ്യുതി സെന്ററിന് ഇതുവഴി ലഭ്യമാകും.

സെന്റര്‍ ഡയറക്ടര്‍ ടി. സിദ്ദീഖ് ആമുഖപ്രഭാഷണം നടത്തി. പ്രോജക്‌ട് എന്‍ജിനീയര്‍ വത്സരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.എ. റഹീം എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബീന, കെ.എസ്.ഇ.ബി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ചന്ദ്രബാബു, കെ.എ. ഖാദര്‍, ഇ. വിനോദ്, ചൂലൂര്‍ നാരായണന്‍, കെ.സി. വത്സരാജ്, അഷ്‌റഫ് മണക്കടവ്, പ്രസാദ് ആലുങ്കല്‍, ഡോ. കെ. നാരായണന്‍കുട്ടി വാരിയര്‍, എന്‍.സി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *