100 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. വ്യാഴാഴ്ച രാത്രി വാഹന പരിശോധനക്കിടെ 100 കിലോ കഞ്ചാവ് പിടികൂടി. തിരുവമ്പാടി മുടക്കാലി ആബിദ് (23), കൂടരഞ്ഞി ചെറ്റാലി മരയ്ക്കാര്‍ സ്വാലിഹ് (25) എന്നിവരെ അറസ്റ്റ് ചെയ്തു.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോസ്മെൻ്റ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. അനില്‍കുമാറിൻ്റെ നേതൃത്വത്തില്‍ മുത്തങ്ങ കല്ലൂര്‍ ഭാഗത്താണ് വാഹനം പരിശോധിച്ചത്. ഭാരത് ബെന്‍സ് ലോറിയില്‍ നാല് ചാക്കുകളിലായി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു. ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

കോഴിക്കോട് ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്. വിപണിയില്‍ രണ്ട് കോടിയോളം വിലമതിക്കുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. ലോറിയും കഞ്ചാവും പ്രതികളേയും വയനാട് എക്സൈസ് സ്ക്വാഡ് സി.ഐ സജിത്തിെന്റ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡിന് കൈമാറി.

