KOYILANDY DIARY

The Perfect News Portal

സ്‌കൂള്‍ പരിസരങ്ങളിലെ ലഹരിവസ്തു വില്‍പ്പന: ഒരു മാസത്തിനിടെ കോഴിക്കോട്ട് അറസ്റ്റിലായത് 68 പേര്‍

കോഴിക്കോട്: സ്‌കൂള്‍ പരിസരങ്ങളിലെ ലഹരിവസ്തു വില്‍പ്പന തടയുന്നതിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ അധ്യാപകരെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി യോഗം ചേരുമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ അനില്‍കുമാര്‍ പറഞ്ഞു. സ്‌കൂളുകളുടെ 100 മീറ്റര്‍ പരിധിയില്‍ റെയ്ഡ് ശക്തമാക്കിയതായും അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ മയക്കുമരുന്ന് ഉപയോഗം കുറക്കാന്‍ ഓപ്പറേഷന്‍ ഭായി ആഴ്ചതോറും സജീവമായി നടത്തി വരുന്നുണ്ടെന്നും അദ്ദേഹം ജില്ലാതല ജനകീയ കമ്മറ്റിയില്‍ അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 74 അബ്കാരി കേസുകളാണ്. വിവിധ കേസുകളിലായി 16 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 657 റെയ്ഡുകളും എട്ട് കമ്ബയിന്‍ഡ് റെയ്ഡുകളും ഇതിനകം നടത്തി. റെയ്ഡില്‍ 11 ലിറ്റര്‍ ചാരായവും 135 ലിറ്റര്‍ വിദേശമദ്യവും 87 ലിറ്റര്‍ മാഹി മദ്യവും 2516 ലിറ്റര്‍ വാഷും പിടിച്ചെടുത്തു. കൂടാതെ 1.8 കി.ഗ്രാം കഞ്ചാവ്, 72 കിലോ പുകയില ഉത്പന്നങ്ങള്‍, 93 എം.ഡി.എം.എ ഗുളികകളും കണ്ടെടുത്തിട്ടുണ്ട്. 18 ലേബര്‍ ക്യാമ്ബുകള്‍ പരിശോധിക്കുകയും 68 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 8217 വാഹന പരിശോധനയും 43 ട്രെയിന്‍ പരിശോധനയും നടത്തി.

കഴിഞ്ഞ യോഗത്തില്‍ കമ്മറ്റി അംഗങ്ങള്‍ ഉന്നയിച്ച ചാത്തമംഗലത്തെ പരസ്യമദ്യപാനം, പട്ടികവര്‍ഗ കോളനികളിലെ ലഹരി ഉപയോഗം എന്നിവയില്‍ കര്‍ശന നടപടി എടുത്തുവരികയാണെന്നും തലക്കുളത്തൂര്‍ ഭാഗത്തെ കടകളിലെ ലഹരി ഗുളിക വില്‍പ്പന പരിശോധിച്ചതില്‍ വ്യാജമായി ഒന്നും കണ്ടെത്താനായില്ലെന്നും എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ സജീവ് ദാമോദര്‍, ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍, ജനകീയ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *