KOYILANDY DIARY

The Perfect News Portal

സ്വാശ്രയ പ്രശ്നത്തില്‍ സഭയില്‍ പ്രതിപക്ഷ ബഹളം

 

തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തില്‍ പ്രതിപക്ഷം ഇന്നും സഭയില്‍ ബഹളം തുടര്‍ന്നു. ചോദ്യോത്തരവേള തടസ്സപെടുത്തി ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എംഎല്‍മാരടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി സ്പീക്കര്‍ ചര്‍ച്ച നടത്തി. മന്ത്രി എ കെ ബാലനും ഉമ്മന്‍ചാണ്ടിയും ചര്‍ച്ചയില്‍ പങ്കെടുത്തു.എന്നാല്‍ ചര്‍ച്ച പരാജയമാണെന്ന് പറഞ്ഞ് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.

അതേസമയം പ്രശ്നം അവസാനിപ്പിക്കണമെന്ന നിലപാടല്ല പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.  തലവരിപ്പണത്തെ കുറിച്ച് പ്രതിപക്ഷം ചൂണ്ടികാട്ടിയ ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറാണ്. പരിയാരത്തെ 30 കുട്ടികള്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം സമരം ചെയ്യുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ നിലവില്‍ ഫീസ് ഘടന മാറ്റാന്‍ സാധ്യമല്ല. എന്നാല്‍ ഉടനെതന്നെ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ ഇവിടെയും സര്‍ക്കാര്‍ ഫീസാകും ബാധകമാകുക. പ്രശ്നം പരിഹരിക്കാന്‍ സ്പീക്കര്‍ ഇടപെട്ട് യോഗം വിളിച്ചതാണ്. വേണമെങ്കില്‍ യോഗം വിളിക്കാന്‍ താന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ ആരോഗ്യനില മോശമായതായി മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ട്.  ഇവരെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. സഭ ബഹിഷ്ക്കരിച്ച പ്രതിപക്ഷാംഗങ്ങള്‍ നിരാഹാരമിരിക്കുന്നവര്‍ക്ക് അടുത്തിരുന്ന് പ്രതിഷേധിക്കുകയാണ്. ആശുപത്രിയിലേക്ക് മാറ്റുന്നവര്‍ക്ക് പകരം വി ടി ബല്‍റാം,റോജി എം ജോണ്‍,  കെ എസ് ശബരീനാഥന്‍ എന്നിവര്‍ നിരാഹാരം തുടങ്ങിയേക്കും നിരഹാരസമരം നടത്തിയ അനൂബ് ജേക്കബിനെ ഇന്നലെതന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Advertisements

സര്‍ക്കാര്‍ ചര്‍ച്ചയ്ക്കോ സമവായത്തിനോ തയാറാകാത്ത സാഹചര്യത്തില്‍ സമരം ശക്തമാക്കുവാനാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു.പ്രതിപക്ഷത്തിന് സഭാ നടപടി തടസ്സപെടുത്തണമെന്നില്ലെന്നും സര്‍ക്കാര്‍ കടുംപിടുത്തം അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം സ്പീക്കര്‍ യോഗം വിളിച്ചതില്‍ സന്തോഷമുണ്ട്. യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ചേര്‍ന്ന് സമരപടിപാടികള്‍ ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിനൊപ്പം കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പും സഭ ബഹിഷ്ക്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *