KOYILANDY DIARY

The Perfect News Portal

സ്ത്രീകള്‍ക്കെതിരെ അക്രമം നടപടി സ്വീകരിക്കേണ്ട ബാധ്യത പൊലീസിനുണ്ടെന്ന് മുഖ്യമന്ത്രി

മലപ്പുറം: സ്ത്രീകള്‍ക്കെതിരെ ഏതെങ്കിലും അക്രമമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കേണ്ട ബാധ്യത പൊലീസിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എംഎസ്പി മൈതാനിയില്‍ പുതിയ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് ഏറ്റവുമധികം സ്ത്രീ സുരക്ഷയുള്ള സംസ്ഥാനമാണ് കേരളം. സ്ത്രീകളും കുട്ടികളും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ്. നിയമത്തില്‍ നിന്ന് വ്യതിലിക്കുന്ന പൊലീസുകാര്‍ എത്ര ഉന്നത പദവിലുള്ളവരായാലും ശക്തമായ നടപടിയുണ്ടാകും. ദുഷ്യവശങ്ങള്‍ യാതൊന്നും ഉണ്ടാകാതിരിക്കാന്‍ പൊലീസിന് ശ്രദ്ധവേണം.

അവനവനില്‍ അര്‍പിതമായ ഉത്തരവാദിത്തം നിഷ്പക്ഷവും നിര്‍ഭയവുമായി നടപ്പാക്കുമെന്ന പ്രതിജ്ഞ പാലിക്കാന്‍ ഒരോ സേനാംഗവും ശ്രദ്ധിക്കണം. ജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാക്കാതെ എപ്പോഴും നല്ല പെരുമാറ്റം ശീലിക്കണം. അതോടൊപ്പം കുറ്റകൃത്യങ്ങളോട് ഒരു വിട്ടു വീഴ്ചയും പാടില്ല. പൊലീസ് സേന സമൂഹത്തിന്റെ പരിഛേദം തന്നെയാണ്. പലതരക്കാര്‍ സമൂഹത്തിലുണ്ട്. എണ്ണം കൂടി എന്നതുകൊണ്ട് അത്തരക്കാര്‍ പൊലീസിലുണ്ടാകാന്‍ പാടില്ല. എന്താണ് ചെയ്യേണ്ടത് എന്താണ് ചെയ്യാന്‍ പാടില്ലാത്ത് എന്ന് കൃത്യമായി തിരിച്ചറിയണം. ചെയ്യേണ്ടത് ചെയ്യുകയും ചെയ്യേണ്ടാത്തത് വര്‍ജിക്കുകയും വേണം. ചെയ്യേണ്ടകാര്യങ്ങള്‍ ചെയ്യുന്നതിന് ഒന്നും തടസമാവില്ല. നിഷ്പക്ഷമായി ഡ്യൂട്ടി നിര്‍വഹിക്കുകയാണ് ഓരോ അംഗവും ചെയ്യേണ്ടത്.

കുറ്റകൃത്യം തെളിയിക്കുന്നതില്‍ വലിയ മികവാണ് കേരള പൊലീസിനുള്ളത്. ഒരു തെളിവില്ലാത്ത കുറ്റകൃത്യങ്ങള്‍ പോലും പ്രൊഫഷണല്‍ രീതിയില്‍ അന്വേഷിച്ച്‌ യഥാര്‍ഥ പ്രതികളിലേക്ക് എത്തിയ അനുഭവങ്ങള്‍ ഒട്ടേറെയുണ്ടായി. അതാകണം മാതൃക. അപൂര്‍വം ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ പൊലീസിന്റെ യശസിന് മങ്ങലേല്‍പിക്കുന്നുണ്ട്. അങ്ങനെ ഉണ്ടാകരുത്. ഒറ്റപ്പെട്ട് കഴിയുന്ന മുതിര്‍ന്ന പൌരന്മാരെ സഹായിക്കാന്‍ തയ്യാറാകണം. ജനമൈത്രി പൊലീസിങ്ങിലൂടെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കണം. അങ്ങനെയായാല്‍ കുറ്റവാളികളെ ഒറ്റപ്പെടുത്താം.

Advertisements

മര്‍ദനോപകരണമായി തന്നെയാണ് ബ്രിട്ടീഷുകര്‍ എംഎസ്പി സ്ഥാപിച്ചത്. കോളനി വാഴ്ചയെ എതിര്‍ത്ത കൃഷിക്കാരെയും അവരുടെ മക്കളെയും എംഎസ്പിയില്‍ നിയമിക്കുന്നതിന് ബ്രിട്ടീഷുകാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സ്വാതന്ത്യ്രം ലഭിച്ച ശേഷവും അത് തുടര്‍ന്നു. 1957-ല്‍ അധികാരത്തിലെത്തിയ ഇഎംഎസ് മന്ത്രിസഭയാണ് ആ വിലക്ക് നീക്കിയതെന്നും മുഖ്യമന്ത്രി ഓര്‍മിച്ചു. നാല് ബറ്റാലിയനുകളില്‍നിന്നായി 530 പേരാണ് പുതുതായി പൊലീസ് സേനയിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *