സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി വന്നത് അധ്യാപിക എന്ന നിലയില്‍ ആണെന്ന് ദീപ നിശാന്ത്

ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി വന്നത് അധ്യാപിക എന്ന നിലയില്‍ ആണെന്ന് ദീപ നിശാന്ത്. കവിത വിവാദവുമായി ഇതിനെ കൂട്ടികുഴയ്ക്കേണ്ട കാര്യമില്ലെന്നും ദീപ നിശാന്ത് പറഞ്ഞു. ആരും പിന്മാറാന്‍ ആവശ്യപെട്ടില്ല. എനിക്ക് എതിരെ ഒരു അച്ചടക്ക നടപടിയും ഇത് വരെ ഉണ്ടായില്ല എന്നും ദീപാ നിശാന്ത് പറഞ്ഞു.
മലയാളം ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായി ദീപ നിശാന്ത് എത്തിയതിന് എതിരെ പ്രതിപക്ഷ യുവജന, വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ആദ്യം എബിവിപി പ്രവര്‍ത്തകരാണ് ദീപയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‍യു വനിതാ പ്രവര്‍ത്തകരും ദീപയ്ക്കെതിരെ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്ക് എത്തുകയായിരുന്നു. ദീപ നിശാന്തിനെ വിധി കര്‍ത്താവ് ആക്കിയതിനു എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഡിപിഐയെ വിളിച്ചു പ്രതിഷേധം അറിയിച്ചു എന്നും ചെന്നിത്തല പറഞ്ഞു.

വിധിനിര്‍ണ്ണയത്തിന് ശേഷം പൊലീസ് വാഹനത്തിലാണ് ദീപ് നിശാന്ത് മടങ്ങിയത്. എന്നാല്‍ കവിതാ മോഷണ വിവാദം ഉണ്ടാകുന്നതിനും മുമ്ബാണ് ദീപാ നിശാന്തിനെ മലയാളം ഉപന്യാസ മത്സരത്തിന്‍റെ വിധികര്‍ത്താവായി നിശ്ചയിച്ചതെന്നും വിവാദവുമായി ഇതിന് ബന്ധമില്ലെന്നും അധികൃതര്‍ നിലപാടെടുത്തു. ദീപാ നിശാന്തിനെ ഒഴിവാക്കില്ലെന്നും സംഘാടകര്‍ അറിയിച്ചിരുന്നു.

