KOYILANDY DIARY

The Perfect News Portal

സോളാര്‍ കേസിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കെ കേരളാ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പു കേസിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍. ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചുവെന്ന് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുക്കാനാണ് മന്ത്രിസഭാ തീരുമാനം.

ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയെന്ന് കമ്മീഷന്‍ കണ്ടെത്തിയ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കും. കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിക്കല്‍ എന്നിവയാണ് കുറ്റം. ഇതിനുപുറമെ തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സരിതയുടെ കത്തില്‍ പറയുന്ന നേതാക്കള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികള്‍ വലിയ തുകകള്‍ കൈക്കൂലിയായി സരിതയില്‍ നിന്നും വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട രേഖകള്‍ പരിശോധിച്ചിട്ടില്ല. സോളര്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തിനെതിരെയും നടപടിയുണ്ടാകും.

Advertisements

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഐജി പദ്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്‍ പൊലീസ് അസോ. മുന്‍ ഭാരവാഹി ജി.ആര്‍.അജിത്തിത് എന്നിവര്‍ക്കെതിരെ കേസെടുക്കും. അജിത്തിനെതിരെ വകുപ്പുതല നടപടിക്കും തീരുമാനമെടുത്തിട്ടുണ്ട്.

കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഈ മാസം മൂന്നിന് അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടും സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഈ നിയമോപദേശം ചൊവ്വാഴ്ച ലഭിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച്‌ ഇരുവരും പ്രത്യേകം നിയമോപദേശം നല്‍കുകയായിരുന്നു. റിപ്പോര്‍ട്ടിനകത്തുള്ള പരാമര്‍ശങ്ങളെപ്പറ്റിയുമുള്ള നിയമോപദേശമാണ് നല്‍കിയിരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ ഇവ നിയമസഭയില്‍ സമര്‍പ്പിക്കും.

ജനങ്ങളെ കബളിപ്പിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രധാന ഉത്തരവാദികളാണ്. ഉമ്മന്‍ ചാണ്ടിയും അദ്ദേഹം മുഖേന ടെന്നി ജോപ്പന്‍, ജിക്കു, സലിംരാജ്, കുരുവിള എന്നിവര്‍ സോളാര്‍ കമ്ബനിയെയും സരിതയെയും വഴിവിട്ട് സഹായിച്ചു.

അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് യുഡിഎഫ് സര്‍ക്കാര്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. മുന്‍ സര്‍ക്കാര്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരാതെ മുഖ്യമന്ത്രിയെ രക്ഷിക്കാനായിരുന്നു അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *