KOYILANDY DIARY

The Perfect News Portal

സോളാര്‍ കേസ് പ്രതി സരിത നായര്‍ മൂന്ന് സിഡികളും അനുബന്ധ തെളിവുകളും കമ്മീഷന് കൈമാറി

കൊച്ചി: സോളാര്‍ കേസ് പ്രതി സരിത നായര്‍ മൂന്ന് സിഡികളും അനുബന്ധ തെളിവുകളും ജസ്റ്റീസ് ജി ശിവരാജന്‍ കമ്മീഷന് കൈമാറി. കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാന്നൂര്‍ രവിയുമായും  ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജുമായും സരിത നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങുടെ ശബ്ദ രേഖയാണ് ഒരു സിഡിയില്‍ ഉള്ളത്. ബെന്നി ബെഹ്നാന്‍ എംഎല്‍എയുമായി 2014 മുതലുള്ള  ടെലിഫോണ്‍ സംഭാഷണമാണ് രണ്ടാമത്തെ സിഡിയിലുള്ളത്.

കേസുമായി ബന്ധപ്പെട്ട് ആറന്‍മുള വിമാനത്താവള ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വ്യവസായി എബ്രഹാം കലയ്മണ്ണില്‍ ഉമ്മന്‍ചാണ്ടിക്കു വേണ്ടി സംസാരിക്കുന്ന ദൃശ്യമുള്ളതാണ് മൂന്നാമത്തെ സിഡി. എബ്രഹാമിനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയതും താനാണെന്ന് സരിത പറഞ്ഞു. കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തരുതെന്നും തെളിവുകള്‍ നശിപ്പിക്കണമെന്നും  എബ്രഹാം ആവശ്യപ്പെടുന്നതാണ് സിഡിയിലുള്ളത്.

ഭൂമി റീസര്‍വെക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ശുപാര്‍ശ കത്തും സരിത ഹാജരാക്കി. ഈ കത്ത് കലക്ടര്‍ക്ക് കൈമാറിയത് 2012ലാണ്.സിഡികള്‍ കമ്മീഷന്‍ തെളിവായി സ്വീകരിച്ചു. തന്റെ വിമാനയാത്രാ രേഖകളും കമ്മീഷന് കൈമാറി.

Advertisements

കൂടാതെ 2011ല്‍ ആദിവാസി മേഖലയില്‍ പദ്ധതിയെ കുറിച്ച് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്തും കൈമാറി. പദ്ധതി ഉമ്മന്‍ചാണ്ടി  ഉദ്ഘാടനം ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതേ കുറിച്ച്  മന്ത്രി ജയലക്ഷ്മിക്ക് നല്‍കിയ കത്തിന്റെ കോപ്പിയും ഹാജരാക്കി. 2012ല്‍ കടത്തുരുത്തിയില്‍ പദ്ധതി ഉദ്ഘാടനത്തിന് ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചെങ്കിലും സമയകുറവുമൂലം അദ്ദേഹം മന്ത്രി കെ സി ജോസഫിനെ പറഞ്ഞയുക്കുയായാണ് ചെയ്തതെന്നും സരിത മൊഴി നല്‍കി.

ഉമ്മന്‍ചാണ്ടിക്ക് വേണ്ടി  സരിതയുമായി ബന്ധപ്പെട്ടിരുന്നത് തമ്പാന്നുര്‍ രവിയും ബെന്നി ബെഹ്നാന്നുമായിരുന്നുവെന്ന് നേരത്തെ സരിത മൊഴി നല്‍കിയിരുന്നു. ഇവരുടെ ആവശ്യപ്രകാരമാണ് 30 പേജുള്ള കത്ത് നാല് പേജാക്കി ചുരുക്കലിയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ മല്ലേലില്‍ ശ്രീധരന്‍ നായരുമൊത്ത് സരിത സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൈയ്യിലുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ന് അവ കൈമാറിയിട്ടില്ല.
45 മിനിറ്റ് വൈകി 11.45 ഓടെയാണ് സരിത ഇന്ന് കമ്മീഷനില്‍ ഹാജരായത്.