KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സഹകരണ ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ വി.എസ് നിര്‍വ്വഹിച്ചു

കൊയിലാണ്ടി> കൊയിലാണ്ടി സഹകരണ ആശുപത്രിയ്ക്കുവേണ്ടി പുതുതായി നിര്‍മ്മിക്കുന്ന അഞ്ചുനില കെട്ടിടത്തിന്റെ തറക്കല്ലിടല്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കൊയിലാണ്ടി എം.എല്‍.എ കെ ദാസന്‍ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു സമീപം താമരശ്ശേരി റോഡ് ഭാഗത്ത് ഭരണ സമിതിയുടെ കൈവശമുളള 67സെന്റ് സ്ഥലത്ത് 25കോടി രൂപ ചിലവഴിച്ച് എല്ലാ അത്യാധുനിക സജ്ജീകരണങ്ങോടു കൂടിയ അഞ്ചുനില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ആതുര സേവന രംഗത്ത് കഴിഞ്ഞ 16 വര്‍ഷമായി മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് കൊയിലാണ്ടിയിലെ ജനങ്ങള്‍ക്ക് വലിയ സേവനങ്ങള്‍ നടത്തിയും മുന്നോട്ട് പോകുന്ന സഹകരണ ആശുപത്രിയുടെ വളര്‍ച്ചയെ ജനങ്ങള്‍ വലിയ പ്രതീക്ഷയോടു കൂടിയാണ് നോക്കിക്കാണുന്നത്. നിരവധി പേരാണ് തറക്കല്ലിടല്‍ ചടങ്ങ് വീക്ഷിക്കാനെത്തിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കെട്ടിടത്തിന്റെ വര്‍ക്ക് ഏറ്റെടുത്തത്. 2 വര്‍ഷത്തിനുളളില്‍ വര്‍ക്ക് പൂര്‍ത്തീകരിച്ച് നല്‍കുമെന്ന് ഊരാളുങ്കല്‍ സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പാലേരി ചടങ്ങില്‍ അറിയിച്ചു. ചടങ്ങില്‍ ആശുപത്രി പ്രസിഡന്റ് പി. വിശ്വന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി മധുസൂധനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോഴിക്കോട് മുന്‍ മേയര്‍ ടി.പി ദാസന്‍, കെ.കെ മുഹമ്മദ്, ടി ചന്തു മാസ്റ്റര്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ പത്മിനി, വാര്‍ഡ് കൗണ്‍സിലര്‍ എസ്.കെ വിനോദ്, യു. രാജീവന്‍ മാസ്റ്റര്‍, ഇ.കെ അജിത്ത് മാസ്റ്റര്‍, വായനാരി വിനോദ്, കെ.ടി.എം കോയ, ഐ.എം.എ സെക്രട്ടറി ഡോ: പി.എം.എ സലിം, ആര്‍.കെ ശങ്കരന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എന്‍.വി ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു.