സെക്രട്ടറിയേറ്റിൽ മാധ്യമങ്ങൾക്കുള്ള നിയന്ത്രണ ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. സെക്രട്ടറിയേറ്റിനകത്തും പുറത്തും മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റ് പ്രശസ്ത വ്യക്തികള്‍ എന്നിവരുമായി ഇടപെടുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് പിന്‍വലിച്ചത്. ഉത്തരവില്‍ ചില പിശകുകളുണ്ടെന്ന വിലയിരുത്തലിലാണ് തീരുമാനം. ഇത് തിരുത്തി ഉത്തരവ് വീണ്ടും പുറത്തിറക്കും.
മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസാണ് ഉത്തരവിറക്കിയത്. ഇതു പ്രകാരം ഇനി മുതല്‍ പൊതുപരിപാടികള്‍ക്കെത്തുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണമെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുവാദമുണ്ടായിരിക്കില്ല. പിആര്‍ഡിയുടെ അറിവോടെ മുന്‍കൂട്ടി നിശ്ചയിക്കുന്ന പരിപാടികളില്‍ മാത്രമേ വിശിഷ്ട വ്യക്തികളുമായി സംവദിക്കാന്‍ കഴിയൂ.

മാധ്യമങ്ങളെ ക്ഷണിക്കുന്നതിനും പത്രക്കുറിപ്പിറക്കുന്നതിനും എല്ലാ വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. വിമാനത്താവളം, റെയില്വേസ്റ്റേഷന്, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളില്‍ സ്ഥിരം മാധ്യമ കേന്ദ്രങ്ങള്‍ തുടങ്ങണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പത്രസമ്മേളനങ്ങളില്‍ അക്രഡിറ്റേഷന് ഉള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമുണ്ടായിരിക്കുക.

പിആര്‍ഡിയിലെ വിവിധ വകുപ്പുകളില്‍ പ്രവേശിക്കുന്നതിനും അക്രഡിറ്റേഷനോ, പ്രവേശനപാസോ നിര്‍ബന്ധമായിരിക്കും. പൊതുപരിപാടികള്‍, വിമാനത്താവളം, ഗസ്റ്റ് ഹൗസ് തുടങ്ങിയ സ്ഥലങ്ങളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മാധ്യമങ്ങളുമായി സംവദിക്കുന്നുണ്ടോ എന്നത് പിആര്‍ഡിയെ നേരത്തെ അറിയിച്ചിരിക്കണം. ഇതിനുള്ള സജ്ജീകരണങ്ങള്‍ പിആര്‍ഡി തന്നെ ഒരുക്കി നല്‍കുകയാണ് വേണ്ടതെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.

ഉത്തരവിറങ്ങിയതോടെ ഇത് വന്‍ വിവാദങ്ങള്‍ക്കും കാരണമായി. മാധ്യമ അടിയന്തരാവസ്ഥയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന വിമര്‍ശനങ്ങള്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തന്നെ തീരുമാനമെടുത്തിരിക്കുന്നത്. ഉത്തരവില്‍ ചില പിശകുകള്‍ കടന്നു കൂടിയിട്ടുണ്ട് എന്നാണ് വിശദീകരണം. ഇത് പരിഹരിച്ച് പുതിയ ഉത്തരവ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
