സെക്യൂരിറ്റി ജീവനക്കാരന് നോക്കിനില്‍ക്കേ കാസര്‍ഗോഡ് കളക്റ്ററേറ്റില്‍ മോഷണം

കാസര്‍കോട്: അവധി ദിവസമായ രണ്ടാം ശനിയാഴ്ച കാസര്‍കോട് കളക്റ്ററേറ്റില്‍ നിന്നും മോഷണം പോയത് വില കൂടിയ ആറുപെട്ടി ടൈല്‍സ്. നീലനിറത്തിലുള്ള കാറില്‍ വന്നയാള്‍ ടൈല്‍സ് എടുക്കവേ സെക്യൂരിറ്റി ജീവനക്കാരന് നോക്കി നിന്നു. ഈമാസം പതിനൊന്നിനാണ് കളക്ടറേറ്റ് ഓഫിസില്‍ പകല്‍ കൊള്ള നടന്നത്.
3300 രൂപ വിലവരുന്ന ആറുപെട്ടി ടൈലുകള്‍ മോഷണംപോയി നാളിതു വരെയായിട്ടും നടപടി കൈക്കൊള്ളാന്‍ ജില്ലാ ഭരണകൂടത്തിനായില്ല. കലക്ടറേറ്റിലെ മിനി കോണ്‍ഫ്രന്‍സ് ഹാളിനു സമീപത്തുള്ള ദുരന്ത നിവാരണ വിഭാഗത്തിനു വേണ്ടി നിര്‍മ്മിക്കുന്ന പുതിയ ഓഫിസിനുവേണ്ടിയാണ് വിലകൂടിയ ടൈല്‍സ് ഇറക്കിയത്.

കളക്ടറുടെയും എ.ഡി.എമ്മിന്റെയും ഓഫിസിനു തൊട്ടു താഴെ വരുന്ന പുതിയ ഓഫിസ് നിര്‍മ്മാണ ശേഷം ബാക്കിവന്ന ടൈല്‍സ് തിരികെ നല്കി ബില്‍ തുക തിരികെ വാങ്ങാനുള്ള ഓഫിസ് നിര്‍മ്മാണ ചുമതലയുള്ള നിര്‍മ്മിതി വകുപ്പ് ശ്രമിക്കുന്നതിനിടെയാണ് ടൈല്‍ കാറില്‍ കടത്തിയത്.

അവധി ദിവസമായ രണ്ടാം ശനിയാഴ്ച കളക്ടറേറ്റിന്റെ പടിഞ്ഞാറുഭാഗത്തുള്ള റോഡില്‍ കൂടി വന്ന കാറില്‍ ടൈല്‍സ് കയറ്റുന്നത് പെയിന്റിങ് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. െൈടല്സ് മോഷണം പോയ സംഭവത്തെ കുറിച്ച് നിര്‍മ്മിതി എന്‍ജിനീയര്‍ കളക്ടര്‍ക്ക് പരാതി നല്കി.

