KOYILANDY DIARY.COM

The Perfect News Portal

സി-ഡിറ്റിനെ മികവിന്റെ കേന്ദ്രമാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സി-ഡിറ്റിനെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. കെ സി ജോസഫിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സി-ഡിറ്റിനെ വിവര-സാങ്കേതികവിദ്യാ വകുപ്പിന്റെ ഭരണചുമതലയിലേക്ക് മാറ്റുകയും വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഭരണസമിതി പുനഃസംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഐ.ടി രംഗത്തും കമ്യൂണിക്കേഷന്‍ രംഗത്തും സി-ഡിറ്റിന്റെ സാങ്കേതികശേഷി വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി 2016—19 കാലഘട്ടത്തില്‍ 1,236 ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതിക ജീവനക്കാരുടെ പരിശീലനവും ഉപകരണങ്ങളുടെ ആധുനികവല്‍ക്കരണവും ഈ ഫണ്ട് ഉപയോഗിച്ച്‌ നിര്‍വ്വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള പുതിയ സോഫ്റ്റ് വെയര്‍, സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനു വേണ്ടിയുള്ള ഹോളോഗ്രാം ലേബല്‍ നിര്‍മ്മാണം, സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും സംസ്ഥാനത്തിനു പുറത്തുള്ള ഇന്ത്യന്‍ നേവി ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ക്കും അതീവ സുരക്ഷാ സര്‍ട്ടിഫിക്കറ്റുകളും, ഐ.ഡി കാര്‍ഡുകളും നിര്‍മിച്ച്‌ നല്‍കല്‍, കേരള പബ്ലിക് സര്‍വീസ് കമീഷനുവേണ്ടിയുള്ള ഓണ്‍ലെന്‍ പരീക്ഷാ സോഫ്റ്റ്‌വെയര്‍, എഴുത്തുപരീക്ഷയുടെ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കല്‍ എന്നിവയും സി-ഡിറ്റ് വിജയകരമായി നടപ്പിലാക്കിവരുന്നു.

പ്രളയാനന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ലോകമെമ്ബാടുനിന്നും ഓണ്‍ലൈനായി ശേഖരിക്കുന്നതിനുള്ള പോര്‍ട്ടല്‍ സി-ഡിറ്റാണ് വികസിപ്പിച്ചത്. സര്‍ക്കാര്‍ വകുപ്പുകളുടെ സൈബര്‍ സെക്യൂരിറ്റി കൈകാര്യം ചെയ്യുന്ന മികവിന്റെ കേന്ദ്രമായി സി-ഡിറ്റിനെ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഐടി നയരേഖയ്ക്കനുസൃതമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, സൈബര്‍ സെക്യൂരിറ്റി, ബിഗ് ഡാറ്റാ അനലിറ്റിക്‌സ് തുടങ്ങിയ നൂതന മേഖലകളില്‍ പ്രാവീണ്യം ആര്‍ജ്ജിക്കുന്നതിന് ഈ മേഖലകളിലെ പ്രമുഖ കമ്ബനികളുമായി സാങ്കേതികവിദ്യാ സഹകരണത്തിനും പരിശീലനത്തിനും ഉള്ളടക്ക വികസനത്തിനും ഉള്ള പദ്ധതികള്‍ സി-ഡിറ്റ് ആവിഷ്‌കരിച്ചിട്ടുണ്ട്.

Advertisements

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വകുപ്പുകളുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന്റെ സോഫ്റ്റ്‌വെയര്‍ വികസനം, പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’ തുടങ്ങിയവ സി-ഡിറ്റാണ് സാങ്കേതിക സഹായം നല്‍കി ഏകോപിപ്പിക്കുന്നത്. സി-ഡിറ്റിലെ ജീവനക്കാര്‍ക്ക് 9, 10 ശമ്ബളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ശാസ്ത്രസാങ്കേതിക രംഗത്തും വിവര സാങ്കേതികവിദ്യയിലും കമ്യൂണിക്കേഷന്‍ രംഗത്തും സി-ഡിറ്റിനെ മികവിന്റെ കേന്ദ്രമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

Share news

Leave a Reply

Your email address will not be published. Required fields are marked *