KOYILANDY DIARY

The Perfect News Portal

സിപിഐ എം 22-ാം പാര്‍ടി കോണ്‍ഗ്രസിന് തുടക്കമായി

മുഹമ്മദ് അമീന്‍ നഗര്‍ (ഹൈദരാബാദ്): തെലങ്കാനസമര പോരാളിയും തലമുതിര്‍ന്ന നേതാവുമായ മല്ലു സ്വരാജ്യം ചെങ്കൊടിയുയര്‍ത്തിയോടെ സിപിഐ എം 22-ാം പാര്‍ടി കോണ്‍ഗ്രസിന് തുടക്കമായി. സ. മുഹമ്മദ് അമീന്‍ നഗറിലെ പ്രത്യേകം സജജമാക്കിയ രക്‌തസാക്ഷി മണ്‌ഡപത്തില്‍ സമ്മേളന പ്രതിനിധികള്‍ പുഷ്‌പാര്‍ച്ചന നടത്തി.

സമ്മേളനനഗറിലെ ഖഗന്‍ദാസ്- സുകോമള്‍സെന്‍ മഞ്ചില്‍ (ആര്‍ടിസി കല്യാണമണ്ഡപം) പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്രം ബലാല്‍സംഗത്തെ വര്‍ഗീയ ധ്രുവീകരണത്തിനുപയോഗിക്കു കയാണെന്ന് യെച്ചൂരി പറഞ്ഞു. ഇത്തരത്തില്‍ ലജ്ജാകരമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ബിജെപിയുടെ ഭരണത്തിനു കീഴില്‍ ജനാധിപത്യം വെല്ലുവിളി നേരിടുകയാണ്. എന്ത് കഴിക്കണം ആരോട് കൂട്ടു കൂടണമെന്ന് വരെ ആര്‍എസ്‌എസ് തീരുമാനിക്കുന്നു. എല്ലാ പുരോഗമനചിന്തകള്‍ക്ക് നേരെയും ആര്‍എസ്‌എസ് കടന്നാക്രമണം നടത്തുന്നു.

പാര്‍ട്ടി കോണ്‍ഗ്രസ് ഇടത് ജനാധിപത്യ ഐക്യത്തെ ശക്തിപ്പെടുത്തുന്നതായിരിക്കും . സിപിഐഎമ്മിനെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് കൈകൊള്ളും. ഇടതുപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തും. ബിജെപി സര്‍ക്കാരിനെ പുറത്താക്കാനുള്ള തീരുമാനങ്ങള്‍ എടുക്കും. ബദല്‍ നയങ്ങള്‍ക്ക് രൂപം കൊടുക്കുമെന്നും യെച്ചൂരി പറഞ്ഞു.

Advertisements

കരട് രാഷ്ട്രീയപ്രമേയം അംഗീകരിക്കുന്നതാണ് പാര്‍ടി കോണ്‍ഗ്രസിലെ പ്രധാന നടപടിക്രമങ്ങളിലൊന്ന് ഇനി അഞ്ചുനാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കണ്ണും കാതും തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലേക്ക്. വര്‍ഗീയസംഘര്‍ഷങ്ങളും ന്യൂനപക്ഷദളിത് വേട്ടയും ഭരണരാഷ്ട്രീയത്തിന്റെ തണലില്‍ രാജ്യമെങ്ങും ഭീതിപ്പെടുത്തുംവിധം അഴിഞ്ഞാടുമ്ബോള്‍, പ്രതിരോധത്തിന്റെ കാവലാളാകാന്‍ കരുത്തുള്ള വിപ്ലവപ്രസ്ഥാനത്തെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നതോടൊപ്പം ബിജെപിയും കോണ്‍ഗ്രസും തുടര്‍ന്നുവരുന്ന ജനവിരുദ്ധനയങ്ങള്‍ക്കെതിരായ യഥാര്‍ഥ ജനപക്ഷബദല്‍ കെട്ടിപ്പടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സിപിഐ എം.

പാര്‍ടി കോണ്‍ഗ്രസിനുമുന്നോടിയായി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ബ്രാഞ്ചുതലംവരെ ഓരോ പാര്‍ടി അംഗവും വായിക്കുകയും ചര്‍ച്ച ചെയ്യുകയും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം ചര്‍ച്ച ചെയ്ത് കരട് രാഷ്ട്രീയപ്രമേയം അംഗീകരിക്കുന്നതാണ് പാര്‍ടി കോണ്‍ഗ്രസിലെ പ്രധാന നടപടിക്രമങ്ങളിലൊന്ന്.

അതോടൊപ്പം ജനറല്‍ സെക്രട്ടറി അവതരിപ്പിക്കുന്ന രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടും പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. വിശാഖപട്ടണത്ത് ചേര്‍ന്ന 22-ാം പാര്‍ടി കോണ്‍ഗ്രസ് തീരുമാനങ്ങളും കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ടി പ്ലീനത്തിന്റെ തീരുമാനങ്ങളും നടപ്പാക്കിയത് സംബന്ധിച്ചും ചര്‍ച്ച ചെയ്യും. ഇടതുമതേതര ഐക്യം വിപുലപ്പെടുത്തുന്നതോടൊപ്പം പാര്‍ടിയുടെ സ്വതന്ത്രശക്തി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും വിശദ ചര്‍ച്ച നടക്കും.

ചൊവ്വാഴ്ച വൈകിട്ട് ബസവപുന്നയ്യ ഭവനില്‍ (തെലങ്കാന സംസ്ഥാന കമ്മിറ്റി ഓഫീസ്) പൊളിറ്റ്ബ്യൂറോയും തുടര്‍ന്ന് കേന്ദ്ര കമ്മിറ്റിയും ചേര്‍ന്നു. കരട് രാഷ്ട്രീയപ്രമേയത്തില്‍ വന്ന ഭേദഗതികളുടെ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. ഈ ഭേദഗതികള്‍ ഉള്‍പ്പെടെയാണ് കരട് രാഷ്ട്രീയപ്രമേയം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുക. പാര്‍ടി കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയായി പൊളിറ്റ്ബ്യൂറോ പ്രവര്‍ത്തിക്കും.

വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തൊഴിലാളി, കര്‍ഷക പ്രക്ഷോഭങ്ങള്‍ പാര്‍ടിയുടെ ബഹുജനാടിത്തറ വിപുലപ്പെടുത്തുംവിധം വളര്‍ത്തിയെടുക്കുകയെന്നത് പ്രധാന ദൗത്യമായി പാര്‍ടി കോണ്‍ഗ്രസ് ഏറ്റെടുക്കും. ബംഗാളിലും ത്രിപുരയിലും സിപിഐ എമ്മിനുനേരെ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി ക്രിമിനലുകള്‍ നടത്തുന്ന രൂക്ഷമായ അക്രമപരമ്ബരകള്‍ക്കെതിരായ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നതിനെക്കുറിച്ചും പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.

രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 763 പ്രതിനിധികളും 74 നിരീക്ഷകരും പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നു. ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ കേരളത്തില്‍നിന്നും ബംഗാളില്‍നിന്നുമാണ്. 175 വീതം.

Leave a Reply

Your email address will not be published. Required fields are marked *