KOYILANDY DIARY

The Perfect News Portal

സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന്‌ സമാപനം

കൊയിലാണ്ടി: കൊയിലാണ്ടിയുടെ ഹൃദയഭൂമി ഇന്ന് മറ്റൊരു ചരിത്ര മുന്നേറ്റത്തിനുകൂടി സാക്ഷിയാകും. സിപിഐ എം കോഴിക്കോട് ജില്ലാസമ്മേളനത്തിന് സമാപനം കുറിച്ച്‌ പതിനായിരങ്ങള്‍ അണിനിരക്കുന്ന റെഡ് വളന്റിയര്‍ മാര്‍ച്ചും ബഹുജനറാലിയും വ്യാഴാഴ്ച കൊയിലാണ്ടിയില്‍ നടക്കും. ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അജയ്യത വിളിച്ചോതുന്നതാകും സമാപന റാലിയും റെഡ് വളന്റിയര്‍ മാര്‍ച്ചും.

ഇ എം എസ് ടൌണ്‍ഹാളിലെ പി. ടി. രാജന്‍ നഗറില്‍ ചൊവ്വാഴ്ച തുടങ്ങിയ പ്രതിനിധി സമ്മേളനത്തില്‍ ബുധനാഴ്ച പകല്‍ മൂന്നരയോടെ പൊതുചര്‍ച്ച പൂര്‍ത്തിയായി. വിവിധ ഏരിയകളില്‍ നിന്ന് 53 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്ക് ജില്ലാ സെക്രട്ടറി പി മോഹനനും സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്ക് പിബി അംഗം പിണറായി വിജയനും മറുപടി പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് നടക്കും. പുതിയ ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിക്കും.

Advertisements

സമ്മേളനത്തിന് സമാപനം കുറിച്ച്‌ പകല്‍ മൂന്നിന് റെഡ് വളന്റിയര്‍ മാര്‍ച്ച്‌ അരങ്ങാടത്ത് ആന്തട്ട ഗവ. യുപി സ്കൂളിനുസമീപം കൊല്ലം ദേശീയ പാതയില്‍ പെട്രോള്‍ പമ്പിന് സമീപത്തു നിന്നാരംഭിക്കും. കാല്‍ലക്ഷത്തോളം വളന്റിയര്‍മാര്‍ മാര്‍ച്ചില്‍ അണിനിരക്കും. വൈകിട്ട് അഞ്ചിനാരംഭിക്കുന്ന പൊതുസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

മൂന്നുദിവസത്തെ സമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, എ വിജയരാഘവന്‍, എ കെ ബാലന്‍, എളമരം കരീം, കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ടി പി രാമകൃഷ്ണന്‍, എം വി ഗോവിന്ദന്‍ എന്നിവരും പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *