KOYILANDY DIARY

The Perfect News Portal

സിംഹകൂട്ടിലേക്ക് ചാടിയ യുവാവിന്റെ ജീവൻ രക്ഷിച്ചു.. വീഡിയോ കാണുക

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടില്‍ കയറിയ യുവാവിന്റെ ജീവന്‍ രക്ഷിച്ച ജീവനക്കാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ മന്ത്രി കെ രാജു.

മന്ത്രി നേരിട്ടെത്തി ജീവനക്കാരെ അഭിനന്ദിച്ചാണ് ആയിരം രൂപ വീതം പാരിതോഷികവും ഗുഡ് സര്‍വീസ് എന്‍ട്രിയും പ്രഖ്യാപിച്ചത്. ഒരു ജീവന്‍ രക്ഷിക്കുക എന്നു പറയുന്നത് വലിയ കാര്യമാണെന്നും മൃഗശാലാ ജീവനക്കാരുടെ ഉചിതമായ ഇടപെടല്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സിംഹത്തിന്റെ മതില്‍ ചാടിക്കടന്ന് യുവാവ് സിംഹത്തിന് സമീപത്തേക്ക് പ്രവേശിച്ചത്. ഈ സമയം ഗ്രേസി എന്ന മൂന്ന് വയസുകാരി പെണ്‍ സിംഹം മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. മൃഗശാലയില്‍ ജനിച്ചു വളര്‍ന്ന സിംഹമാണ് ഗ്രേസി. പൊതുവേ ശാന്തശീലയായ സ്വഭാവക്കാരിയാണ് അവളെന്നാണ് ജീവനക്കാര്‍ പറയുന്നത്. മറിച്ച്‌ കൂട്ടിലേക്ക് മാറ്റിയ ആഷിഖ് എന്ന ആണ്‍സിംഹമായിരുന്നു കൂട്ടിലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലായേനെ എന്നുമാണ് മൃഗശാലാ ജീവനക്കാര്‍ മറുനാടനോട് പറഞ്ഞത്.

Advertisements

ജീവനക്കാര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോള്‍ മുരുകന്‍ ‘നിങ്ങള്‍ പേടിക്കേണ്ട, എനിക്ക് അറിയുന്നതാ, സിംഹത്തെ കൊണ്ടുപോകാന്‍ വന്നതാണ് എന്നുമായിരുന്നു പറഞ്ഞത്. അപകടകാരിയായ സിംഹക്കുട്ടി ആയതിനാല്‍ മുരുകനെ രക്ഷിക്കാന്‍ എളുപ്പം സാധിച്ചെന്നും ജീവനക്കാര്‍ പറഞ്ഞു. ലയണ്‍സ് പാര്‍ക്കിലെ തുറന്ന കൂട്ടില്‍ പൊതുവേ മറ്റ് സിംഹങ്ങളെയും ഇടാറുണ്ട്. എന്നാല്‍, അഞ്ചു വയസുകാരനായ ആശിഖ് തൊട്ടടുത്ത കൂട്ടിലായിരുന്നു. ഈ പാര്‍ക്കില്‍ ആഷിഖ് ആയിരുന്നെങ്കില്‍ കാര്യം വ്യത്യാസമായേനെ. എന്തായാലും അപകടം ഒഴിഞ്ഞ ആശ്വാസത്തിലാണ് ജീവനക്കാര്‍.

മൃഗശാലയില്‍ തന്നെ ജനിച്ചു വളര്‍ന്ന സിംഹമാണ് ഗ്രേസി. അതുകൊണ്ട് തന്ന പരിചാരകരെ എല്ലാവരെയും പരിചയമുണ്ട്. ആള്‍ക്കാരെ കണ്ടു വളര്‍ന്നതിനാല്‍ തന്നെയാണ് യുവാവിനെ കണ്ടതു കൊണ്ട് തിരിച്ചു പോകാതിരുന്നകത്. ഗ്രേസി അക്രമാസക്ത അല്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ഗ്രേസിയാണ് പാര്‍ക്കില്‍ ഉള്ളതു കൊണ്ടാണ് ജീവനക്കാര്‍ കൂട്ടത്താടെ യുവാവിനെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയതും. അതേസമയം കൂട്ടിലേക്ക് ഒരാള്‍ ചാടുന്നത് കണ്ട് ഗ്രെയ്സി അയാളില്‍നിന്ന് പരമാവധി അകലം പാലിക്കുകയാണ് ഉണ്ടായത് എന്ന് ദൃക്സാക്ഷികളും പറയുന്നു.

ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് ഒറ്റപ്പാലം സ്വദേശിയായ മുരുകന്‍ സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്ത് ചാടിയത്. സന്ദര്‍ശകര്‍ അകത്തു കടക്കാതിരിക്കാനായി തീര്‍ത്ത കിടങ്ങും മുളവേലിയും ചാടിക്കടന്നാണ് ഇയാള്‍ സിംഹക്കൂട്ടില്‍ എത്തിയത്. പതിനഞ്ചടിയോളം താഴ്ചയുള്ള കിടങ്ങിലേക്കുള്ള ചാട്ടത്തില്‍ തന്നെ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു. കാലിന് പരിക്കേറ്റ ഇയാള്‍ പിന്നീട് മുട്ടുകാലില്‍ ഇഴഞ്ഞാണ് സിംഹത്തിന്റെ അടുക്കലേക്ക് പോയത്.

മൃഗശാലയിലേക്ക് സന്ദര്‍ശകര്‍ വന്നുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. കൂടുകള്‍ വൃത്തിയാക്കുന്ന സമയമായതിനാല്‍ സിംഹക്കൂടിന്റെ പരിസര പ്രദേശങ്ങളില്‍ തന്നെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതും രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ സഹായകമായി. ഇയാള്‍ കൂട്ടിലേക്ക് ചാടുന്നത് കണ്ട് മറ്റു സന്ദര്‍ശകര്‍ ബഹളംകൂട്ടിയപ്പോള്‍ തന്നെ സുരക്ഷാജീവനക്കാരെത്തി വയര്‍ലെസ് സംവിധാനം വഴി കൂടുതല്‍ മൃഗശാലാജീവനക്കാരെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

പതിനഞ്ചോളം ജീവനക്കാരാണ് മുരുകനെ രക്ഷപ്പെടുത്താനായി കൂട്ടിലേക്ക് ഇറങ്ങിയത്. നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന മുരുകനെ താങ്ങിയെടുത്താണ് ഇവര്‍ പുറത്തെത്തിച്ചത്. രാജീവ്, മധു, അരുണ്‍, കിരണ്‍, ബിജു, ഉദയലാല്‍, ഹര്‍ഷാദ്, ഷൈജു, രതീഷ്, സജീവ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തത്. മൃഗശാലാ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് ഇയാളെ കൃത്യസമയത്ത് രക്ഷിക്കാനും ആശുപത്രിയില്‍ എത്തിക്കാനും സഹായകമായത്. രാവിലെ കൂടു വൃത്തിയാക്കാനായി ആഷിഖിനെ മാറ്റിയത് ഭാഗ്യമായെന്നും മൃഗശാല ജീവനക്കാര്‍ പറഞ്ഞു.

ഒറ്റപ്പാലം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് കാണിച്ച്‌ ഇന്ന് പത്രങ്ങളില്‍ പരസ്യമുണ്ടായിരുന്നു. യുവാവ് തിരുവനന്തപുരത്തുണ്ടെന്ന സൂചനയും ലഭിച്ചിരുന്നു. ഇതിനിടെയാണ് യുവാവ് മൃഗശാലയില്‍ എത്തിയതും സിംഹക്കൂട്ടില്‍ ചാടിയതും.

Leave a Reply

Your email address will not be published. Required fields are marked *