സാമൂതിരി കെ.സി.യു. രാജ കുടുംബാംഗങ്ങളോടൊപ്പം മുഖ്യമന്ത്രിയെ സന്ദർശിച്ചു

കോഴിക്കോട്: സാമൂതിരി കെ.സി.യു. രാജ കുടുംബാംഗങ്ങളോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയിലെ ഓഫീസിൽ സന്ദർശിച്ചു. സാമൂതിരി കുടംബത്തിലെ പിൻമുറക്കാരെ മുഖ്യമന്ത്രി നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു. ജനങ്ങളുടെ ഭരണാധികാരിയെ സന്ദർശിച്ച് അഭിവാദ്യമർപ്പിക്കുക മാത്രമാണ് സന്ദർശനത്തിന്റെ ഉദ്ദേശ്യമെന്ന് സാമൂതിരി പറഞ്ഞു.
ഏതു സന്ദിഗ്ധ ഘട്ടത്തിലും അചഞ്ചലമായി നിൽക്കുകയും നിലപാടുകൾ കർശനമായി നടപ്പിലാക്കുകയും ചെയ്യുന്നതിൽ മുഖ്യമന്ത്രിയെ സാമൂതിരി അഭിനന്ദിച്ചു. സർക്കാരിന്റെ പരിസ്ഥിതി സൗഹൃദ നിലപാടിനു ധാർമിക പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മഷിപ്പേനയും കോഴിക്കോടിന്റെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകങ്ങളും അദ്ദേഹം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

മലബാറിലെ 45ഓളം ക്ഷേത്രങ്ങളുടെ ട്രസ്റ്റി ഇപ്പോഴും സാമൂതിരി രാജയാണ്. ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തുന്പോഴും ഈ ട്രസ്റ്റിഷിപ്പ് നിലനിർത്തണമെന്ന് കെ.സി.യു രാജ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ട്രസ്റ്റിഷിപ്പിൽ മാറ്റംവരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അദ്ദേഹത്തിന് ഉറപ്പു നൽകി.

രണ്ടാം തവണയാണ് സാമൂതിരി രാജാവ് മുഖ്യമന്ത്രിയെ സന്ദർശിക്കാൻ തലസ്ഥാനത്തെത്തുന്നത്. 1999 ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അന്നത്തെ സാമൂതിരി പി.കെ. ഏട്ടനുണ്ണിരാജയും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിലെത്തി ഇ.കെ. നായനാരെ സന്ദർശിച്ചിരുന്നു. അതിനുശേഷം ഇപ്പോഴാണ് മറ്റൊരു സാമൂതിരി മുഖ്യമന്ത്രിയെ കാണാനെത്തുന്നത്.

നാലുവർഷം മുന്പാണ് കെ.സി.യു രാജ സാമൂതിരി സ്ഥാനം ഏറ്റെടുത്തത്. ഇപ്പോൾ 92 വയസ്സുണ്ട്. മക്കളായ സരസിജ രാജ, മായാ ഗോവിന്ദ്, ജാമാതാവ് ഗോവിന്ദ് ചന്ദ്രശേഖർ, മരുമകൻ കെ.സി. സംഗമേഷ് വർമ, മരുമകൾ ഡോ. പി.സി. രതി തന്പാട്ടി, ഭർത്താവ് ഡോ. ഇ.കെ. ഗോവിന്ദവർമ രാജ എന്നിവരും സാമൂതിരിയോടൊപ്പം എത്തിയിരുന്നു.
