KOYILANDY DIARY.COM

The Perfect News Portal

സഹജീവി സ്‌നേഹത്തിന്റെ പുതിയ മാനം തീര്‍ത്ത് അത്താഴക്കൂട്ടത്തിന്റെ സ്‌നേഹ വിരുന്ന്

കൊയിലാണ്ടി > സഹജീവി സ്‌നേഹത്തിന്റെ പുതിയ മാനം തീര്‍ത്ത് അത്താഴക്കൂട്ടം പ്രവര്‍ത്തകര്‍ കൊയിലാണ്ടി തെരുവില്‍ കഴിയുന്നവര്‍ക്കൊപ്പം പുതുവത്സരാഘോഷത്തില്‍ സ്‌നേഹ വിരുന്നൊരുക്കി. കൊയിലാണ്ടി നഗരത്തിന്റെ വിവധ ഭാഗങ്ങളില്‍ കടവരാന്തകളിലും റെയില്‍വേസ്റ്റഷന്‍, ബസ് സ്റ്റേഷന്‍ പരിസരത്തും അന്തിയുറങ്ങുന്നവര്‍ക്ക് സഹായ ഹസ്തവുമായാണ് അത്താഴക്കൂട്ടം ഇത്തവണ വേറിട്ട പ്രവര്‍ത്തനം നട്തതിയത്. ഭക്ഷണം കഴിക്കാനുളള സ്റ്റീല്‍ പാത്രങ്ങളും പുതച്ചുറങ്ങാനൊരു പുതപ്പും, പുല്‍പ്പായയും നല്‍കിയാണ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. മരം കോച്ചുന്ന തണുപ്പില്‍ കിടത്തിണ്ണയില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ഉടുമുണ്ടിനെ ആശ്രയിച്ചിരുന്ന പാവങ്ങള്‍ക്ക് പുതയ്ക്കാനൊരു പുതപ്പും വിരിച്ചു കിടക്കാനൊരു പായയും ലഭിച്ചത് ഏറെ ആശ്വാസമായി. സാമൂഹ്യ സുരക്ഷാ മിഷന്‍. മലബാര്‍ റീജ്യണല്‍ ഡയറക്ടര്‍ യൂനുസ് പി. കെ. പദ്ധതി ഉദ്ഘാടനം ചെയ്തു. വി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. ടി. രവീന്ദ്രന്‍ സ്വാഗതവും, സുബിജേഷ് പി. കെ. നന്ദിയും പറഞ്ഞു. അഡ്വ: പ്രഭാകരന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തുടര്‍ന്ന് കൊയിലാണ്ടി തെരുവില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായവരെ കണ്ടെത്തി മുഴുവന്‍ പേര്‍ക്കും പായയും, പുതപ്പും, സ്‌ററീല്‍പാത്രവും, ഒപ്പം ഭക്ഷണവും നല്‍കി. ഞാന്‍ ജീവിക്കുന്നത് എനിക്ക് വേണ്ടി മാത്രമല്ല എന്റെ സമൂഹത്തിന് വേണ്ടിയാവണം എന്ന് ഉറച്ച് വിശ്വസിക്കുന്ന കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിലെ സമാന ചിന്താഗതിക്കാരായ ഒരുകൂട്ടം ചെറുപ്പക്കാര്‍ മുന്നോട്ട് വന്നാണ് അത്താഴക്കൂട്ടം എന്ന കൂട്ടായ്മക്ക് തുടക്കമായത്. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ കൊയിലാണ്ടിയിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന വിവാഹ സല്‍ക്കാരങ്ങളിലും മറ്റ് ആഘോഷ പരിപാടികളിലും ഉണ്ടാവുന്ന മിച്ചംവരുന്ന ഭക്ഷണം അത്താഴകൂട്ടം പ്രവര്‍ത്തകര്‍ ശേഖരിച്ച് തെരുവിലെത്തിക്കുന്നു.

അപ്രഖ്യാപിത ഹര്‍ത്താലുകളില്‍ നട്ടം തിരിയുന്നവര്‍ക്ക് അത്താഴക്കൂട്ടം വലിയ ആശ്വാസമാണ് നല്‍കുന്നത്. അത്‌കൊണ്ട്തന്നെ കക്ഷി രാഷ്ട്രീയത്തിനതീതമായ പിന്തുണയാണ് അത്താഴക്കൂട്ടത്തിന് ലഭിക്കുന്നത്. സുനില്‍കുമാര്‍ ബി, അജയ് കൊല്ലം, ബിനു പൊയില്‍കാവ്, അജീഷ് പി. പി, വൈശാഖ് ആര്‍, ശ്യാം കൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisements
Share news