KOYILANDY DIARY

The Perfect News Portal

സദാചാരം വെച്ചു പൊറുപ്പിക്കില്ല, അത്തരക്കാർക്ക് പുറത്ത്‌പോകാം : എസ്.എഫ്.ഐ. പ്രസിഡണ്ട് വി.പി. സാനു

കൊച്ചി: സ്വന്തം കോളേജിലെത്തി ഷൈന്‍ ചെയ്യുന്ന എതിരാളിയെ അടിച്ചോടിക്കുന്ന വീരനായകന്മാരുടെ നയമുള്ള സംഘടനയല്ല എസ്‌എഫ്‌ഐ എന്ന് എസ്‌എഫ് ഐ ദേശീയ പ്രസിഡന്റ് വിപി സാനു. എസ്‌എഫ്‌ഐ എന്നു പറയുന്നത് എല്ലാ വിഭാഗത്തിലും പെടുന്ന, വിവിധ ജീവിതസാഹചര്യങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികളുടെ സംഘടനയാണെന്നും വിപി സാനു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പെണ്‍സുഹൃത്തുക്കള്‍ക്ക് ഒപ്പം എത്തിയ യുവാവിനെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ എസ്‌എഫ്‌ഐക്ക് എതിരേ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് സംഘടനയെ പറ്റിയുള്ള വ്യക്തമായ വിശദീകരണവുമായി വിപി സാനു രംഗത്തെത്തിയത്.

സമൂഹത്തിന്റെ നാനാതുറകളെ പ്രതിനിധാനം ചെയ്യുന്ന ഒരു ബഹുജന വിദ്യാര്‍ത്ഥിപ്രസ്ഥാനമാണ് എസ്‌എഫ്‌ഐ. അതുകൊണ്ടു തന്നെ പൊതുബോധത്തിന്റെ ഭാഗമായി നില്‍ക്കുന്ന ആളുകള്‍ ഈ സംഘടനയിലുണ്ടാകാം. അത്തരത്തിലുള്ള ആളുകളെക്കൂടി രാഷട്രീയവല്‍ക്കരിക്കുക, രാഷ്ട്രീയ ശരിമയുടെ പാതയിലേക്ക് കൊണ്ടുവരിക, പൊതുബോധത്തിന്റെ ജീര്‍ണതകളില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് നാളിതുവരെ ഞങ്ങള്‍ ചെയ്തു പോന്നിട്ടുള്ളതെന്നും സാനു പറയുന്നു.

ഒരു കാലത്തും എസ്‌എഫഐ സദാചാരവാദികളുടെ സംഘടനയല്ല. എസ്‌എഫ്‌ഐക്ക് ഒരിക്കലും സദാചാരവാദികളുടെ സംഘടനയാകാനും സാധിക്കില്ല. അത്തരത്തില്‍ ഏതെങ്കിലും സദാചാരബോധവും വെച്ചു കൊണ്ട് ഈ സംഘടനയില്‍ നില്‍ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ദയവു ചെയ്ത് അവര്‍ ഈ സംഘടനയില്‍ നിന്നും പുറത്തു പോകണം. അല്ലായെങ്കില്‍ കൃത്യമായ പരിശോധന നടത്തുമ്ബോള്‍ ഞങ്ങള്‍ക്ക് നിങ്ങളെ പുറത്തേക്ക് നയിക്കേണ്ടി വരുമെന്നും പറയുന്ന സാനു മുന്നോട്ടുള്ള ഈ പ്രയാണത്തില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ ഉണ്ടായാല്‍ ഞങ്ങള്‍ അത് കൃത്യമായി പരിശോധിക്കുകയും തിരുത്തുകയും ചെയ്യുമെന്നും വ്യക്തമാക്കി.

Advertisements

വികെ സാനുവിന്റെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം;

സ്വന്തം കോളേജിലെത്തി ഷൈന്‍ ചെയ്യുന്ന എതിരാളിയെ അടിച്ചോടിക്കുന്ന വീരനായകന്മാരുടെ കഥ പറയുന്ന ഒട്ടനവധി സിനിമകള്‍ മലയാളത്തിലുണ്ട്. അതൊരിക്കലും ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ നയമല്ല. പക്ഷേ അതൊരു പൊതുബോധമാണ്. എസ്‌എഫ്‌ഐ എന്നു പറയുന്നത് എല്ലാ വിഭാഗത്തിലുംപെടുന്ന, വിവിധ ജീവിതസാഹചര്യങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികളുടെ സംഘടനയാണ്. സമൂഹത്തിന്റെ നാനാതുറകളെ പ്രതിനിധാനം ചെയ്യുന്ന ഒരു ബഹുജന വിദ്യാര്‍ഥിപ്രസ്ഥാനമാണ്. അതുകൊണ്ടു തന്നെ പൊതുബോധത്തിന്റെ ഭാഗമായി നില്‍ക്കുന്ന ആളുകള്‍ ഈ സംഘടനയിലുണ്ടാകാം. അത്തരത്തിലുള്ള ആളുകളെക്കൂടി രാഷട്രീയവല്‍ക്കരിക്കുക, രാഷ്ട്രീയ ശരിമയുടെ പാതയിലേക്ക് കൊണ്ടുവരിക, പൊതുബോധത്തിന്റെ ജീര്‍ണതകളില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് നാളിതുവരെ ഞങ്ങള്‍ ചെയ്തു പോന്നിട്ടുള്ളത്. അത് പൂര്‍ണമായ അര്‍ഥത്തില്‍ വിജയിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്ന’ അവകാശവാദം ഞങ്ങള്‍ക്കില്ല.

തീര്‍ച്ചയായും ഞങ്ങളുടെ സംഘടന മനുഷ്യരുടെ സംഘടനയാണ്. സ്വാഭാവികമായും മനുഷ്യര്‍ക്ക് തെറ്റുപറ്റാം. ലെനിന്റെ അഭിപ്രായത്തില്‍ മൂന്നു വിഭാഗത്തില്‍പ്പെടുന്ന ആളുകള്‍ക്കാണ് തെറ്റുപറ്റാത്തത്.

1. ഗര്‍ഭാവസ്ഥയിലുള്ള ഭ്രൂണം, 2. മൃതശരീരം 3. ഒന്നും ചെയ്യാതെ നിഷ്ക്രിയരായിരിക്കുന്നവര്‍. ഞങ്ങള്‍ ഈ മൂന്നു വിഭാഗത്തില്‍പെടുന്നവരുമല്ല. ഞങ്ങള്‍ എല്ലാ സമയത്തും സമൂഹത്തില്‍ ഇടപെട്ടുകൊണ്ടേയിരിക്കുന്നവരാണ്. നിഷ്ക്രിയരായിരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയുമില്ല. തെറ്റുകളെ ന്യായീകരിച്ചു മുന്നോട്ടു പോകുക എന്നതല്ല, അത്തരം തെറ്റുകളെ തിരുത്തുന്നതിനാവശ്യമായ നിലപാടുകള്‍ സ്വീകരിക്കുക എന്നതാണ് എക്കാലത്തും ഞങ്ങളുടെ സമീപനം. ഇതേ സമീപനം തന്നെയാകും യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിലും ഉണ്ടാകുക. അവിടെ സംഭവിച്ചത് എന്തു തന്നെയായാലും അത് എസ്.എഫ്.ഐ. പരിശോധിക്കും. അതില്‍ ഏതെങ്കിലും അര്‍ഥത്തില്‍ എസ്.എഫ്.ഐയില്‍ അംഗമായിട്ടുള്ള ആരുടെയെങ്കിലും ഭാഗത്താണ് തെറ്റെങ്കില്‍ കൃത്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.

പക്ഷേ ഒരു യൂണിവേഴ്സിറ്റി കോളേജ് , ഒരു മടപ്പള്ളി കോളേജ് എന്നിങ്ങനെ കേരളത്തിലെ ചില കോളേജുകളുടെ പേര് മാത്രമെടുത്തു കൊണ്ട് അവിടങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍ നിര്‍ത്തി എസ്.എഫ്.ഐ.യെ ആകെ കരിവാരി തേക്കാന്‍ ശ്രമിക്കുന്നവരോട്.. ആ കോളേജുകളിലെ ഏതെങ്കിലും വിദ്യാര്‍ഥികള്‍ മോശമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതെല്ലാം എസ്.എഫ്.ഐ.യുടെ കുറ്റമാണ് എന്ന പറഞ്ഞുകൊണ്ട് എസ്.എഫ്.ഐ.യെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവരോട്. വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്നവരല്ല ഞങ്ങള്‍. തുറന്ന മനസോടെ നിങ്ങളുടെ വിമര്‍ശനങ്ങളെ ഞങ്ങള്‍ സ്വീകരിക്കും. അവ ക്രിയാത്മകമാണെങ്കില്‍. വിമര്‍ശനങ്ങളിലൂടെയും, സ്വയം വിമര്‍ശനങ്ങളിലൂടെയും ആത്മ പരിശോധന നടത്തി നവീകരിക്കപ്പെടുന്നവരാണ് ഞങ്ങള്‍.
എന്നാല്‍ ഞങ്ങളെ തകര്‍ക്കുകയെന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍.

നിങ്ങള്‍ ആക്രമണം തുടര്‍ന്നു കൊണ്ടേയിരിക്കുക. ഇത്തരം ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടുതന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനമായി ഞങ്ങള്‍ വളര്‍ന്നത്. ഒരു കാലത്ത് കെ.എസ്.യു.ഞങ്ങള്‍ക്കെതിരെ നടത്തിയ സമാനതകളില്ലാത്ത അക്രമത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങളീ കേരളത്തില്‍ വിദ്യാര്‍ഥികളുടെ ഹൃദയപക്ഷമായി മാറിയത്. ഇത്തരം ആക്രമണങ്ങള്‍ ഞങ്ങളെ തളര്‍ത്തുകയല്ല. പകരം ഞങ്ങളുടെ മാര്‍ഗലക്ഷ്യങ്ങളെ രാകി മിനുക്കി മൂര്‍ച്ച കൂട്ടാനുള്ള ആത്മവിശ്വാസമാണ് ഞങ്ങള്‍ക്കു നല്‍കുക.

അതുകൊണ്ട് മാനവരും, അമാനവരും, എബിവിപിയും, ആര്‍.എസ്.എസും, കെ.എസ്.യുവും, എം.എസ്.എഫും, എസ്.ഐ.ഒ.യും, എ.ഐ.എസ്.എഫും എല്ലാവരും ഒന്നിച്ചു ചേര്‍ന്ന് ഞങ്ങളെ ആക്രമിച്ചു കൊണ്ടേയിരിക്കുക. നിങ്ങള്‍ ഞങ്ങളെ അക്രമിച്ചു കൊണ്ടേയിരിക്കുമ്ബോള്‍ ഞങ്ങള്‍ക്കു തീര്‍ച്ചയാണ് ഞങ്ങളുടെ വളര്‍ച്ചയെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടെന്ന്. വര്‍ഗീയതയ്ക്കും, ജാതീയതയ്ക്കും, റാഗിംഗിനും, ലിംഗാസമത്വങ്ങള്‍ക്കുമെതിരെയുള്ള ഞങ്ങളുടെ പോരാട്ടങ്ങള്‍ നിങ്ങളെ വിറളി പിടിപ്പിക്കുന്നുണ്ടെന്ന്. നക്ഷത്രാങ്കിത ശുഭ്രപതാകയുടെ കീഴില്‍ സ്വാതന്ത്ര്യത്തിന്റേതും ജനാധിപത്യത്തിന്റേതും, സോഷ്യലിസത്തിന്റേതുമായ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് കൂടുതല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ കൈകോര്‍ക്കുമ്ബോള്‍ നിങ്ങളുടെ എതിരാളികള്‍ ഞങ്ങളാവുന്നതില്‍ അദ്ഭുതമൊന്നുമില്ല.

എന്നാല്‍ മുന്നോട്ടുള്ള ഈ പ്രയാണത്തില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ ഉണ്ടായാല്‍ ഞങ്ങള്‍ അത് കൃത്യമായി പരിശോധിക്കുകയും തിരുത്തുകയും ചെയ്യും.
അവസാനമായി, ഒരു കാലത്തും എസ്‌എഫ.ഐ സദാചാരവാദികളുടെ സംഘടനയല്ല. എസ്‌എഫ്‌ഐക്ക് ഒരിക്കലും സദാചാരവാദികളുടെ സംഘടനയാകാനും സാധിക്കില്ല. അത്തരത്തില്‍ ഏതെങ്കിലും സദാചാരബോധവും വെച്ചു കൊണ്ട് ഈ സംഘടനയില്‍ നില്‍ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ദയവു ചെയ്ത് അവര്‍ ഈ സംഘടനയില്‍ നിന്നും പുറത്തു പോകണം. അല്ലായെങ്കില്‍ കൃത്യമായ പരിശോധന നടത്തുമ്ബോള്‍ ഞങ്ങള്‍ക്ക് നിങ്ങളെ പുറത്തേക്ക് നയിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *