KOYILANDY DIARY

The Perfect News Portal

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പുതുവൽസര സമ്മാനമായി “മെഡിസെപ്”

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പുതുവൽസര സമ്മാനമായി ‘മെഡിസെപ്’ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയ്ക്ക് അംഗീകാരം നൽകി. 2022 ജനുവരി 1 മുതല്‍ പദ്ധതി തത്വത്തില്‍ ആരംഭിക്കും. നിലവിലുള്ള രോഗങ്ങൾക്കുള്ളതുൾപ്പെടെ പദ്ധതിയുടെ ഭാഗമായ ചികിത്സകൾക്ക് ഇൻഷുറൻസ് ലഭ്യമാകും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട് ടൈം കണ്ടിജൻ്റ് ജീവനക്കാര്‍, പാര്‍ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഉള്‍പ്പെടെയുള്ള അധ്യാപക – അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അവരുടെ ആശ്രിതരും നിര്‍ബന്ധിതാടിസ്ഥാനത്തിലും സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തിലും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കുന്നതാണ്.

വിരമിച്ച എം.എല്‍.എ.മാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിൻ്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ / പെന്‍ഷന്‍കാര്‍ / കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും, മുഖ്യമന്ത്രി / മറ്റു മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളിലെ ചെയര്‍മാന്‍മാര്‍ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്‌സണല്‍ സ്റ്റാഫ്, പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും ഇവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രതിമാസ ഇന്‍ഷുറന്‍സ് പ്രീമിയം 500 രൂപയായിരിക്കും. എംപാനല്‍ ചെയ്യപ്പെട്ട പൊതു-സ്വകാര്യ ആശുപത്രികളില്‍ മാത്രമേ പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കുകയുള്ളൂ. എന്നാല്‍, ജീവനു ഭീഷണിയോ അപകടമോ ഉള്ള അടിയന്തര സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്യപ്പെടാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പരിരക്ഷ ലഭിക്കും.

ഒ.പി. വിഭാഗ ചികിത്സകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല. അതിനാല്‍ കേരള ഗവണ്‍മെൻ്റ് സെര്‍വൻ്റ് മെഡിക്കല്‍ അറ്റന്‍ഡൻ്റ് ചട്ടങ്ങള്‍ക്കു വിധേയരായ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും, തിരുവനന്തപുരം ആര്‍.സി.സി, ശ്രീചിത്ര, മലബാര്‍ ക്യാന്‍സര്‍ സെൻ്റര്‍, കൊച്ചിന്‍ ക്യാന്‍സര്‍ സെൻ്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലെയും ഒ.പി. ചികിത്സയ്ക്ക് നിലവിലുള്ള മെഡിക്കല്‍ റി-ഇമ്പേഴ്‌സ്‌മെൻ്റ് സമ്പ്രദായം തുടരും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയാണ് പദ്ധതി നടത്തിപ്പിന് ഏല്‍പ്പിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ത്രിതല സംവിധാനത്തിന് രൂപം നല്‍കും. പദ്ധതി നടത്തിപ്പ് ധനകാര്യ വകുപ്പിനു കീഴില്‍ സംസ്ഥാന നോഡല്‍ സെല്ലില്‍ നിക്ഷിപ്തമായിരിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *