സംസ്ഥാനത്ത് പ്രളയ സെസ് ഇന്ന് മുതല്‍ പ്രാബാല്യത്തില്‍

സംസ്ഥാനത്ത് പ്രളയ സെസ് ഇന്ന് മുതല്‍ പ്രബാല്യത്തില്‍. ചരക്ക് സേവന നികുതിക്ക് മേല്‍ ഒരു ശതമാനം സെസാണ് ചുമത്തിയിട്ടുള്ളത്. അഞ്ചു ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുളള നിത്യോപയോഗ സാധനങ്ങള്‍ക്ക് സെസ് ബാധകമല്ല. രണ്ടു വര്‍ഷത്തേക്കാകും സെസ് പിരിക്കുക.
പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനുള്ള പണം സ്വരൂപിക്കുന്നതിന്‍റെ ഭാഗമായാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. 12, 18, 28 ശതമാനം ചരക്ക് സേവന നികുതി ബാധകമായ 928 ഉല്‍പ്പന്നങ്ങള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അരി, പഞ്ചസാര, ഉപ്പ്, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി അഞ്ച് ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുകള്‍ ബാധകമായ നിത്യോപയോഗ സാധനങ്ങള്‍ക്കും ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രയിന്‍ ടിക്കറ്റ് എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടില്ല. സെസ് പ്രാബല്യത്തില്‍ വന്നതോടെ കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൊബൈല്‍ഫോണ്‍, മരുന്നുകള്‍, സിമന്‍റ്, പെയ്ന്‍റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കും. ചരക്ക് സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. സ്വര്‍ണത്തിന് കാല്‍ ശതമാനമാണു സെസ്.

ഉല്‍പ്പന്നങ്ങളുടെ അഞ്ച് ശതമാനത്തിനു മുകളിലേക്കുള്ള നികുതി സ്ലാബുകളിലാണ് സെസ് ബാധകം. വാര്‍ഷിക വിറ്റുവരവ് ഒന്നരക്കോടി വരെയുള്ള ചെറുകിട വ്യാപാരികള്‍ വിറ്റഴിക്കുന്ന സാധനങ്ങളെ സെസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രണ്ടു വര്‍ഷത്തേക്കാകും സെസ് പിരിക്കുക. സംസ്ഥാനത്തിനകത്ത് നടക്കുന്ന ഇടപാടുകള്‍ക്കായിരിക്കും സെസ് ബാധകമാകുക. ഒരു വര്‍ഷം കൊണ്ട് 500 കോടി രൂപ ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്‍റെ പ്രതീക്ഷ. രണ്ട് വര്‍ഷം കൊണ്ട് 1000 കോടി രൂപയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

