KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്തെ ആദ്യത്തെ ദുരന്തനിവാരണ സേനക്ക് കോഴിക്കോട് ഒരുങ്ങുന്നു

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കിടയിലെ സംസ്ഥാനത്തെ ആദ്യത്തെ ദുരന്തനിവാരണ സേനക്ക് കോഴിക്കോട് ഒരുങ്ങുന്നു. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ ഏക ഗവ. കോളജായ കോടഞ്ചേരിയിലാണ് സ്റ്റുഡന്‍റ്സ് റാപ്പിഡ് റെസ്പോണ്‍സ് ഫോഴ്സിന്‍െറ മാതൃകാ പദ്ധതി. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ നിരവധി പ്രകൃതിക്ഷോഭങ്ങള്‍ക്ക് ഇരയായ മലയോരമേഖല ഇനി യുവാക്കളുടെ രക്ഷാപ്രവര്‍ത്തനത്തിന് കീഴിലായിരിക്കും. ജെ.ആര്‍.സി, എന്‍.സി.സി, സ്കൗട്ട്, എസ്.പി.എസ്, എന്‍.എസ്.എസ് തുടങ്ങി സ്കൂള്‍ തലങ്ങളില്‍ ആരംഭിക്കുന്ന യുവജന സേനയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെങ്കിലും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളെയാണ് സേനയിലേക്ക് തെരഞ്ഞെടുക്കുക.

വിദ്യാര്‍ഥികളെയും പ്രദേശവാസികളെയും ദുരന്തനിവാരണ പ്രവര്‍ത്തനത്തിന് സജ്ജരാക്കുക, വിദഗ്ധരായ നാട്ടുകാരുടെ സഹായം ഉപയോഗപ്പെടുത്തുക, അടിയന്തരഘട്ടങ്ങളില്‍ രക്ഷാ-പുനരധിവാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക, ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തിന്‍െറയും ഉപവിഭാഗം എന്ന നിലയില്‍ പ്രാദേശിക ദുരന്തനിവാരണം നിര്‍വഹിക്കുക, സര്‍ക്കാര്‍-സര്‍ക്കാറിതര സേനാവിഭാഗങ്ങള്‍ വഴിയും സ്ഥാപനങ്ങള്‍ മുഖേനയും ആവശ്യമായ ദുരന്തനിവാരണ പരിശീലനങ്ങള്‍ നല്‍കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്.

സര്‍ക്കാര്‍ അനുമതി ലഭ്യമാക്കുന്ന മുറക്ക് തിരിച്ചറിയല്‍കാര്‍ഡ്, യൂനിഫോം, തൊപ്പി എന്നിവ നല്‍കുന്നതിന് നടപടി സ്വീകരിക്കും. പൊലീസ് ടെറിട്ടോറിയല്‍ ആര്‍മി, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ പരിശീലനം ഉറപ്പാക്കും. സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ പരിശീലനം നല്‍കും. ഡി.എം.ഒയുടെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ, കൗണ്‍സലിങ്, മന: ശാസ്ത്രം എന്നിവയിലും പരിശീലനമുണ്ടാകും. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഗ്രേസ് മാര്‍ക്കും നല്‍കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ല ദുരന്ത നിവാരണ അതോറിറ്റിയുമാണ് പദ്ധതിയുടെ ചെലവ് വഹിക്കുക.

വിദ്യാര്‍ഥികളുടെ സേവനതാല്‍പര്യം, സാഹസികത, പ്രതികരണശേഷി എന്നിവ കണക്കിലെടുത്താണ് ദൗത്യം ഏല്‍പിച്ചതെന്ന് ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. വിദ്യാര്‍ഥി സേനക്കായി ദുരന്തസ്ഥലത്ത് ബന്ധപ്പെടേണ്ട വ്യക്തികള്‍, ലഭ്യമായ വിവരങ്ങള്‍, വെള്ളം, വെളിച്ചം, പ്രഥമശുശ്രൂഷ ഷെല്‍ട്ടറുകള്‍ എന്നിവയുടെ ഡാറ്റാബേസ് തയാറാക്കും. ദുരന്തഭൂമിയില്‍ ആദ്യമത്തെി നടപടിയെടുക്കുക, താല്‍ക്കാലിക അടിയന്തര രക്ഷാപ്രവര്‍ത്തന കേന്ദ്രം ആരംഭിക്കുക, പ്രദേശവാസികളെയും സന്നദ്ധസംഘടനകളെയും ഏകോപിപ്പിക്കുക, ജനക്കൂട്ടത്തെ നിയന്ത്രിക്കുക, കിംവദന്തികള്‍ പരത്തുന്നത് തടയുക, കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ ലഭ്യമാക്കുക, ദുരന്തബാധിത പ്രദേശം, അത്യാഹിതം സംഭവിച്ചവരുടെ എണ്ണം എന്നിവ സംബന്ധിച്ച കൃത്യമായ വിവരം രക്ഷാ പ്രവര്‍ത്തകര്‍ക്ക് നല്‍കുക, തദ്ദേശിയര്‍ക്ക് ബോധവത്കരണ ക്ളാസുകള്‍ നല്‍കുക തുടങ്ങിയവയാണ് സേനയുടെ പ്രവര്‍ത്തന മേഖല.

Advertisements

പദ്ധതിയുടെ ഉദ്ഘാടനം 23ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. ലോഗോ പ്രകാശനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. സേനയുടെ രൂപവത്കരണത്തോടനുബന്ധിച്ച്‌ 27, 28, 29 തീയതികളില്‍ പരിശീലനക്യാമ്പ്‌ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *